തിരഞ്ഞെടുപ്പു തോൽവി: സർക്കാരിനെ ‘തിരുത്താൻ’ സിപിഎം; അപ്രതീക്ഷിത വിധിയെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും
Mail This Article
തിരുവനന്തപുരം ∙ സർക്കാരിന്റെ പരിഗണനകളിൽ മാറ്റം വേണമെന്നും കൂടുതൽ ജനകീയമാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എൽഡിഎഫും പാർട്ടിയും ആഴത്തിൽ പരിശോധിച്ചു മാറ്റങ്ങൾക്കു തയാറാകണമെന്ന സന്ദേശമാണു ജനവിധി നൽകുന്നതെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി. 16ന് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും മുൻപായി 14 ജില്ലകളിൽനിന്നും റിപ്പോർട്ട് തേടി തിരുത്തൽ പ്രക്രിയയിലേക്ക് പാർട്ടി കടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ സർക്കാർ വിരുദ്ധ വികാരമാണു തോൽവിക്കു കാരണമെന്ന അഭിപ്രായം ആരും അതേപടി പ്രകടിപ്പിച്ചതായി വിവരമില്ല. എന്നാൽ സർക്കാരിന്റെ പ്രവർത്തനത്തിലും ശൈലിയിലും ചില മാറ്റങ്ങൾ വേണമെന്നാണു ജനവിധി സൂചിപ്പിക്കുന്നതെന്നു പലരും പറഞ്ഞു.
പാർട്ടിയും സർക്കാരും തുടർന്നും ചേർന്നുനിന്നു തന്നെ പ്രവർത്തിക്കണം. ഉയർന്നുവരുന്ന ഓരോ പ്രശ്നവും ജനപക്ഷത്തുനിന്നു തീർക്കാൻ കഴിയണം. അകന്നുപോയ വിഭാഗങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയുന്ന തരത്തിൽ ഭാവനാപൂർണമായ ഇടപെടൽ മന്ത്രിസഭയിൽ നിന്നുണ്ടാകണം.
അടുത്ത 2 വർഷങ്ങളിലായി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതു കണക്കിലെടുത്തു ജനവിശ്വാസം വീണ്ടെടുക്കാൻ അവരിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന വികാരമാണു ചർച്ചകളിൽ ഉയർന്നത്. പാർട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവിയാണു സംഭവിച്ചതെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഇന്ത്യാസഖ്യത്തിലെ 2 മുന്നണികൾ ഇവിടെ ഏറ്റുമുട്ടിയപ്പോൾ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് കൂടുതൽ ആനുകൂല്യം കിട്ടുമെന്നു പാർട്ടി നേരത്തേ കണ്ടതാണ്.
പക്ഷേ 2019 ലെ വോട്ടു ശതമാനത്തിൽനിന്നു പിന്നോട്ടു പോകുമെന്നോ ഒരു സീറ്റിൽ തന്നെ വീണ്ടും ഒതുങ്ങുമെന്നോ കരുതിയതല്ല. ജനവിധി ഉൾക്കൊണ്ടുള്ള നടപടികളിലേക്ക് ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ കടക്കണമെന്ന് സെക്രട്ടറി പറഞ്ഞു. അപ്രതീക്ഷിത വിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടു.
മണ്ഡലങ്ങളുടെ ചുമതല വഹിച്ച സെക്രട്ടേറിയറ്റ് അംഗങ്ങളും സ്ഥാനാർഥികളും അതത് ഇടത്തെ സാഹചര്യങ്ങൾ വിശദീകരിച്ചു. എല്ലാവരുടെയും കണക്കുകൂട്ടലുകൾ പിഴച്ചെന്നാണു ചർച്ചകൾ വ്യക്തമാക്കിയത്. പാർട്ടി ശക്തികേന്ദ്രങ്ങളിലെ ബിജെപി കടന്നുകയറ്റത്തിലെ ഉത്കണ്ഠയും യോഗത്തിൽ ഉയർന്നു. പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം യോഗത്തിനു ശേഷം ഉണ്ടായില്ല.