എക്സൈസ് ഉദ്യോഗസ്ഥനെ കാറിൽ തട്ടിക്കൊണ്ടുപോയി; ചാടി രക്ഷപ്പെട്ടു
Mail This Article
ഇരിട്ടി (കണ്ണൂർ) ∙ ചെക്പോസ്റ്റിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് പ്രിവന്റീവ് ഓഫിസറെ തട്ടിക്കൊണ്ടുപോയി. മൂന്നുകിലോമീറ്റർ അകലെ കാർ വേഗംകുറച്ചപ്പോൾ ഉദ്യോഗസ്ഥൻ ചാടി രക്ഷപ്പെട്ടു. കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വ്യാഴാഴ്ച പുലർച്ചെ 2.25ന് ആണ് സംഭവം. കർണാടക ഭാഗത്തുനിന്നു വന്ന കാർ കൈകാണിച്ചു നിർത്തി. കാറിന്റെ മുൻസീറ്റിൽ പരിശോധിക്കുകയായിരുന്ന അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ഷാജിയെ പുറത്തേക്കു തള്ളിയിട്ടശേഷം, പിൻസീറ്റിൽ പരിശോധന നടത്തുകയായിരുന്ന പ്രിവന്റീവ് ഓഫിസർ ഷാജി അളോക്കനുമായി അതിവേഗത്തിൽ ഓടിച്ചു പോയി.
എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഫും ഇവർക്കൊപ്പമുണ്ടായിരുന്നു. ഉടൻ തൊട്ടടുത്ത കൂട്ടുപുഴ പൊലീസ് എയ്ഡ് പോസ്റ്റിലും ഇരിട്ടി പൊലീസ് സ്റ്റേഷനിലും ഇരിട്ടി എക്സൈസ് സർക്കിളിന്റെ സ്ട്രൈക്കിങ് പാർട്ടിക്കും വിവരം കൈമാറിയെങ്കിലും വാഹനം കണ്ടെത്താനായില്ല. 3 കിലോമീറ്റർ ആകലെ കിളയന്തറയിവച്ചാണ് ഷാജി രക്ഷപ്പെട്ടത്. തള്ളിയിട്ടപ്പോൾ പരുക്കേറ്റ കെ.കെ.ഷാജി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഏപ്രിൽ 21നും കൂട്ടുപുഴ ചെക്പോസ്റ്റിൽ സമാന സംഭവം ഉണ്ടായി. വാഹനം പരിശോധിക്കുന്നതിനിടെ പുറത്തിറങ്ങിയ 2 പേരെ ഉപേക്ഷിച്ചു ഡോർപോലും അടയ്ക്കാതെ വാഹനവുമായി കടന്ന കോഴിക്കോട് അരീക്കാട് സ്വദേശി ഫിറോസിനെ മട്ടന്നൂരിൽ വച്ച് പിടികൂടി. 20 ഗ്രാം കഞ്ചാവും 5ഗ്രാം എംഡിഎംഎയും വാഹനത്തിൽനിന്നു കണ്ടെത്തുകയും ചെയ്തു.