കുടിശിക നൽകാൻ വേണ്ടത് 25,000 കോടി; മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കാൻ എളുപ്പമല്ല
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം, ക്ഷേമ പെൻഷൻ എന്നിവയുടെ കുടിശികയെല്ലാം ഉടൻ നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കൊടുത്തു തീർക്കുക എളുപ്പമല്ല. എല്ലാ കുടിശികയും നൽകണമെങ്കിൽ 25,000 കോടി രൂപയെങ്കിലും കണ്ടെത്തണമെന്നാണു ധനവകുപ്പ് കണക്കുകൂട്ടുന്നത്.
അതതു മാസത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ കുടിശിക നൽകാൻ അധിക വരുമാനം വേണം. നിലവിൽ അതിനു സാധ്യതയില്ല. അതിനാൽ, ഏതെങ്കിലും തരത്തിൽ ക്ഷേമ പെൻഷൻ കുടിശികയെങ്കിലും ഘട്ടംഘട്ടമായി നൽകാനാകുമോ എന്നാണു സർക്കാർ പരിശോധിക്കുന്നത്.
ക്ഷാമാശ്വാസവും ക്ഷാമബത്തയും കുടിശികയാകുമ്പോൾ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ച് ബാധ്യത തൽക്കാലം ഒഴിവാക്കുന്ന രീതിയാണു കാലങ്ങളായുള്ളത്. എന്നാൽ, പ്രോവിഡന്റ് ഫണ്ടിലെ പണം സർക്കാരിന്റെ ബാധ്യതയായി കണക്കാക്കി കടമെടുപ്പു പരിധിയിൽ വെട്ടിക്കുറയ്ക്കുകയാണിപ്പോൾ കേന്ദ്ര സർക്കാർ. അതിനാൽ ആ വഴിക്കും കുടിശിക തീർക്കാൻ കഴിയാതായി.
ക്ഷാമബത്തയും ക്ഷാമാശ്വാസവും ചേർത്ത് ആകെ 18,000 കോടി രൂപയാണു കുടിശിക. ഇതു നൽകുന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇനി 6 മാസത്തിനുള്ളിൽ വരുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപെങ്കിലും മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കേണ്ട ബാധ്യതയും സർക്കാരിനായി.
ജനുവരി മുതൽ മേയ് വരെ 5 മാസത്തെ ക്ഷേമ പെൻഷനാണ് നൽകാനുള്ളത്. കുടിശിക തീർക്കണമെന്ന ആവശ്യം എൽഡിഎഫിൽ നിന്നുൾപ്പെടെ വരുന്നതിനാൽ മൂന്നോ നാലോ ഘട്ടമായി കൊടുത്തുതീർക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനു പുറമേ അതതു മാസത്തെ പെൻഷനും നൽകും. എന്നാൽ, ക്ഷാമബത്ത, ക്ഷാമാശ്വാസം കുടിശിക നൽകുന്ന കാര്യം പരിഗണിച്ചിട്ടില്ല. കേന്ദ്രത്തിൽ ആരു ധനമന്ത്രിയാകുമെന്നതിലാണു സംസ്ഥാന സർക്കാരിന്റെ കണ്ണ്. തെലുങ്കുദേശം പാർട്ടിക്കു ധനമന്ത്രി സ്ഥാനം കിട്ടിയാൽ കേരളത്തിന്റെ പ്രശ്നങ്ങൾക്കും പരിഹാരം കാണാനായേക്കുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു.