എല്ലാ ‘അസ്ഥിരതാ വാദി’കൾക്കുമായി ഇതാ സഞ്ജുവിന്റെ സെഞ്ചറി; തുടർ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരം– വിഡിയോ
Mail This Article
ഡർബന്‍∙ സഞ്ജുവിന്റെ പ്രതിഭയിൽ സംശയമില്ലെങ്കിലും സ്ഥിരതയാണ് പ്രശ്നമെന്ന് പറഞ്ഞത് അനിൽ കുംബ്ലെയാണ്. അതും, ഡർബനിലെ ഒന്നാം ട്വന്റി20 മത്സരത്തിനു തൊട്ടുമുൻപായി. എന്തായാലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽത്തന്നെ ആ ‘പ്രശ്നം’ സഞ്ജു പരിഹരിച്ചു, രാജകീയമായിത്തന്നെ. രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഐതിഹാസിക നേട്ടത്തോടെയാണ് ‘അസ്ഥിരതാ വാദി’കൾക്ക് സഞ്ജുവിന്റെ മറുപടി. മത്സരത്തിലാകെ 50 പന്തുകൾ നേരിട്ട സഞ്ജു 7 ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത് പുറത്തായി.
ഡർബനിലെ കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വെറും 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ചറി പൂർത്തിയാക്കിയത്. ഏഴു ഫോറും ഒൻപതു പടുകൂറ്റൻ സിക്സറുകളും സഹിതമാണ് സഞ്ജു സെഞ്ചറിയിലെത്തിയത്. ഇതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ ട്വന്റി20 സെഞ്ചറിയെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി.
ഒപ്പമുള്ളവരിൽ ഏറിയ പങ്കും ദക്ഷിണാഫ്രിക്കൻ ബോളിങ് ആക്രമണത്തിനു മുന്നിൽ പതറിയപ്പോഴാണ്, എതിർ ടീം ബോളർമാരെ സഞ്ജു ‘നഴ്സറിക്കുട്ടികളേ’പ്പോലെ കൈകാര്യം ചെയ്തതെന്നതും ശ്രദ്ധേയം. സഞ്ജുവിനു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. ബർത്ഡേ ബോയ് തിലക് വർമ (18 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 33), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (17 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 21), റിങ്കു സിങ് (10 പന്തിൽ രണ്ടു ഫോർ സഹിതം 11) എന്നിവർ.
ടീമിനായി രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പവും (35 പന്തിൽ 66), മൂന്നാം വിക്കറ്റിൽ തിലക് വർമയ്‌ക്കൊപ്പവും (34 പന്തിൽ 77) സഞ്ജു അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു.
ഇതിനു മുൻപ് ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച രാജ്യാന്തര ട്വന്റി20യിലും സഞ്ജു ഇന്ത്യയ്ക്കായി സെഞ്ചറി നേടിയിരുന്നു. അന്ന് 47 പന്തിൽ 11 ഫോറും എട്ടു സിക്സും സഹിതം 111 റൺസാണ് സഞ്ജു നേടിയത്. രാജ്യാന്തര ട്വന്റി20യിൽ സഞ്ജുവിന്റെ ഉയർന്ന സ്കോറും അതു തന്നെ. അന്നും ഓപ്പണറായി ഇറങ്ങിയായിരുന്നു സഞ്ജുവിന്റെ സംഹാര താണ്ഡവം.