ADVERTISEMENT

കൊച്ചി ∙ ഏലത്തോട്ടങ്ങൾക്കു പാട്ടത്തിനു നൽകിയ ഭൂമി റിസോർട്ടുകൾ ഉൾപ്പെടെയുള്ളവയ്ക്കായി ഉപയോഗിക്കുന്നില്ലെന്നു ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ ഭരണകൂടത്തിൽനിന്ന് എൻഒസി ലഭിച്ചെന്ന പേരിൽ ഏലത്തോട്ടങ്ങളിൽ റിസോർട്ടുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നെന്ന പരാതിയെ തുടർന്നാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

ഇത്തരത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ എണ്ണം തഹസിൽദാർമാർ വഴി അന്വേഷിച്ച് ഇടുക്കി കലക്ടർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. മൂന്നാർ മേഖലയിൽ 2000 കോടി രൂപയിൽ കുറയാത്ത കുംഭകോണം നടന്നിട്ടുണ്ടെന്നു കോടതി പറഞ്ഞു. ദേവികുളം മുൻ ഡ‍പ്യൂട്ടി തഹസിൽദാർ എം.ഐ.രവീന്ദ്രൻ നൽകിയ 534 പട്ടയങ്ങൾ വ്യാജമെന്നു കണ്ടെത്തി സർക്കാർ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ കൈക്കൂലി വാങ്ങാതെയാണ് ഈ പട്ടയങ്ങൾ രവീന്ദ്രൻ നൽകിയതെന്നു വിശ്വസിക്കുന്നുണ്ടോയെന്നു കോടതി ചോദിച്ചു. രവീന്ദ്രനെതിരെ എന്തുകൊണ്ടു ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തില്ല? സർക്കാർ ഇത്രയും നാൾ എവിടെയായിരുന്നു? രവീന്ദ്രൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചോയെന്ന് അന്വേഷിച്ചോയെന്നും കോടതി ആരാഞ്ഞു.

വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടി അവസാനിപ്പിച്ചിരുന്നെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി അറിയിച്ചു. ഇത് വിജിലൻസ് കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസിനു തുടർ അന്വേഷണം നടത്താനാവും. മുതിർന്ന ഉദ്യോഗസ്ഥന് അന്വേഷണത്തിന്റെ ചുമതല നൽകാം. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനാവും. മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ടു 40 കേസുകളിൽ പ്രതികളെ വിട്ടയച്ചിട്ടുണ്ട്. പല കേസുകളിലും തെളിവുകൾ കണ്ടെത്താനായില്ല. കേസുകൾ പ്രത്യേകമായി പരിശോധിക്കും. അന്തിമ റിപ്പോർട്ട് നൽകിയ കേസിലും പുനരന്വേഷണം നടത്താനാവുമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ വൺ എർത്ത് വൺ ലൈഫ് നൽകിയ പൊതുതാൽപര്യ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.

English Summary:

Highcourt states that Cardamom plantation not to be used as resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com