ADVERTISEMENT

കൊച്ചി ∙ സിറോ മലബാർ സഭാ സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനയർപ്പിക്കാത്ത വൈദികരെ ജൂലൈ 4 നു ശേഷം പൗരോഹിത്യ ശുശ്രൂഷയിൽ നിന്നു വിലക്കുമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, എറണാകുളം– അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവർ മുന്നറിയിപ്പു നൽകി.

എന്നാൽ സർക്കുലർ തള്ളിക്കളയുന്നതായി അതിരൂപതയിലെ വൈദികർ ഉൾപ്പെട്ട അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. ആലുവയ്ക്കടുത്തു ചുണങ്ങംവേലിയിൽ കൂടിയ വൈദിക യോഗത്തിൽ 300 വൈദികർ പങ്കെടുത്തതായും ജൂലൈ 3 നു ശേഷവും ജനാഭിമുഖ കുർബാന തുടരാൻ തീരുമാനിച്ചതായും സമിതി അറിയിച്ചു. 

‘അനുസരണയില്ലാത്തവരുടെ സ്ഥാനം സഭാ കൂട്ടായ്മയ്ക്കു വെളിയിലാണെന്ന’ മാർപാപ്പയുടെ വാചകം ഓർമിപ്പിച്ച് അവസാന മുന്നറിയിപ്പ് എന്ന മുഖവുരയോടെ മാർ റാഫേൽ തട്ടിൽ, മാർ ബോസ്കോ പുത്തൂർ എന്നിവർ ചേർന്നു പുറത്തിറക്കിയ സർക്കുലറിൽ, ജൂലൈ 3 മുതൽ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സിനഡ് കുർബാന അർപ്പിക്കണമെന്നു കർശന നിർദേശം നൽകുന്നു.ഏകീകൃത കുർബാന സംബന്ധിച്ച സഭാ സിനഡ് തീരുമാനം അന്തിമമാണ്. മാർപാപ്പയുമായും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, പൗരസ്ത്യ തിരുസംഘം മേധാവികൾ എന്നിവരുമായും നടത്തിയ കൂടിക്കാഴ്ചയുടെയും മാർപാപ്പയുടെ സന്ദേശത്തിന്റെയും അടിസ്ഥാനത്തിലാണു തീരുമാനമെന്നും വ്യക്തമാക്കുന്ന സർക്കുലർ അടുത്ത ഞായറാഴ്ച  പള്ളികളിൽ വായിക്കണമെന്നും        നിർദേശിക്കുന്നു.

എന്നാൽ ഇത് സാധ്യമല്ലെന്ന നിലപാട് പ്രഖ്യാപിച്ച വൈദികരുടെ യോഗം ജനാഭിമുഖ കുർബാന കൂടി അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. അതു സാധ്യമല്ലെങ്കിൽ  മാർപാപ്പയുടെ കീഴിൽ പ്രത്യേക സഭയായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന നിർദേശവും വൈദിക സമ്മേളനം ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com