‘മാർപാപ്പയുടെയും സിനഡിന്റെയും നിർദേശം ധിക്കരിക്കുന്നവരെ ബഹിഷ്കരിക്കും’; കർശന മുന്നറിയിപ്പുമായി സിറോ മലബാർ സഭ
Mail This Article
കൊച്ചി ∙ മാർപാപ്പയുടെയും മെത്രാൻ സിനഡിന്റെയും മാർഗനിർദേശങ്ങൾ ബോധപൂർവം ധിക്കരിക്കുന്നതു കത്തോലിക്കാ കൂട്ടായ്മയിൽ നിന്നു ബഹിഷ്കരിക്കപ്പെടുന്നതിന് ഇടവരുത്തുമെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, എറണാകുളം– അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
സർക്കുലറിൽനിന്ന്: ‘അതിരൂപതയ്ക്കു പുറത്തു സേവനം ചെയ്യുകയോ ഉപരിപഠനം നടത്തുകയോ ചെയ്യുന്ന വൈദികർ കുർബാനയർപ്പണം സംബന്ധിച്ചു സിനഡ് തീരുമാനത്തോടുള്ള അനുസരണവും അതു പാലിക്കുന്നതിനുള്ള സന്നദ്ധതയും വ്യക്തമാക്കുന്ന കത്ത് ജൂലൈ 3നു മുൻപ് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർക്കു നൽകണം. കത്ത് സമയത്തു നൽകാത്തവരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നു വിലക്കും.
ജൂലൈ 3നു ശേഷം ഏകീകൃത രീതിയിലല്ലാതെ ഏതെങ്കിലും വൈദികർ സിറോ മലബാർ സഭയുടെ കുർബാന നടത്തുന്നുണ്ടെങ്കിൽ അതിൽ നിന്നും മറ്റു തിരുക്കർമങ്ങളിൽ നിന്നും വിശ്വാസികൾ വിട്ടുനിൽക്കണം. മാർപാപ്പയെ ധിക്കരിക്കുകയും സഭയിൽ നിന്നു ബഹിഷ്കൃതരാവുകയും ചെയ്ത വൈദികർ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കുന്നവരുടെ ഞായറാഴ്ച കടം പരിഹരിക്കപ്പെടുന്നില്ലെന്ന് ഓർക്കണം.
സഭ വിലക്കുന്ന വൈദികർ ആശീർവദിക്കുന്ന വിവാഹങ്ങൾ അസാധുവായിരിക്കും. ഏകീകൃത കുർബാനയർപ്പണത്തിനു സന്നദ്ധത രേഖാമൂലം അറിയിക്കുന്നതുവരെ എറണാകുളം–അങ്കമാലി അതിരൂപതയിലെ വൈദിക വിദ്യാർഥികൾക്കു പുരോഹിത പട്ടം നൽകില്ല.’
‘മാർപാപ്പയുടെ നിർദേശത്തിന് വിരുദ്ധം’
കൊച്ചി ∙ മാർപാപ്പ നൽകിയ നിർദേശത്തിനു വിരുദ്ധമാണു സർക്കുലറെന്ന് അതിരൂപതാ സംരക്ഷണ സമിതി ആരോപിച്ചു. തീരുമാനമെടുക്കുമ്പോൾ അർപ്പണരീതിയുടെ തർക്കങ്ങളെക്കാൾ കുർബാനയുടെ ഫലദായകത്തിനാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു മാർപാപ്പ പറഞ്ഞിരുന്നു. അതിനെ കാറ്റിൽപ്പറത്തിയിരിക്കുകയാണ് ഇപ്പോൾ.
ഏകീകൃത കുർബാന ചൊല്ലാത്ത വൈദികരെ 14നു ചേരുന്ന സിനഡിൽ പുറത്താക്കുമെന്ന സ്ഥിരം സിനഡിന്റെ തീരുമാനത്തെ പല മെത്രാന്മാരും സ്വീകരിക്കില്ലെന്നറിഞ്ഞപ്പോൾ കണ്ടെത്തിയ മാർഗമാണ് ഇപ്പോഴത്തെ സർക്കുലർ എന്നും സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പ്രസ്താവിച്ചു.