ഹൈവോൾട്ടേജ് ആവേശത്തിൽ റോബോവേഴ്‌സ് വിആർ
Mail This Article
കൊച്ചി ∙ കുട്ടികളും മുതിർന്നവരും ഒരുപോലെ ഏറ്റെടുത്ത് മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ’ എക്സ്പോ. വിവിധ മേഖലകളിലെ സെലിബ്രിറ്റികളും സന്ദർശകരായതോടെ എക്സ്പോ ആവേശം ഹൈവോൾട്ടേജിലെത്തി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന എക്സ്പോ 17 വരെയാണു കാഴ്ചകളുടെയും പുതിയ അനുഭവങ്ങളുടെയും അദ്ഭുതങ്ങൾ സമ്മാനിക്കുക. നടൻ ആസിഫ് അലി, ഭാര്യ സമ എന്നിവർ ഇന്നലെ എക്സ്പോ സന്ദർശിച്ചു. ജെയിൻ സർവകലാശാലയുമായി ചേർന്നാണു റോബട്ടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി മേഖലകളിലെ കാഴ്ചകളൊരുക്കുന്നത്.
റോബട്ടുകളെ അടുത്തറിയാൻ അവസരം ഒരുക്കുകയാണു പ്രധാനമായും ചെയ്യുന്നതെന്ന് എക്സ്പോയ്ക്കു സാങ്കേതിക സഹായം ഒരുക്കുന്ന യുണീക് വേൾഡ് റോബട്ടിക്സിന്റെ ഇന്നവേഷൻസ് ഹെഡ് അഖില ഗോമസ് പറയുന്നു. ‘മിക്ക എക്സ്ബിഷനുകളിലും പ്രദർശിപ്പിക്കുന്ന റോബട്ടുകളെ കാഴ്ചക്കാർ കണ്ടു പോവുകയാണു പതിവ്. ഇവിടെ റോബട്ടുകളെ തൊട്ടുതലോടാനും കളിപ്പിക്കാനും കാഴ്ചക്കാർക്കൊപ്പം സ്വതന്ത്രമായി വിട്ടിരിക്കുകയാണ്. അതു റോബട്ടിനോടുള്ള അകലം കുറയ്ക്കും’. അഖില പറഞ്ഞു. കാഴ്ചക്കാരെ ആകർഷിക്കുന്ന മറ്റൊരു ഭാഗം ത്രീഡി പ്രിന്റിങ് വിഭാഗമാണ്. പല നിർമിതികളും കൺമുന്നിൽ രൂപമെടുക്കുന്നത് അദ്ഭുതത്തോടെയാണ് ഏറെപ്പേരും കാണുന്നത്.
ഇതിന്റെ സാങ്കേതികവിദ്യ കാഴ്ചക്കാർക്കു മനസ്സിലാകുന്ന വിധത്തിൽ വിശദീകരിച്ചു നൽകും. ഐ ഹബ് റോബട്ടിക്സിന്റെ മനുഷ്യാകാരമുള്ള റോബട്ടുകളാണ് (ഹ്യുമനോയ്ഡുകൾ) എക്സ്പോയിലേക്കു കാഴ്ചക്കാരെ സ്വീകരിക്കുന്നത്. പാട്ടുപാടുന്ന ഹ്യുമനോയ്ഡുകളും കൂട്ടത്തിലുണ്ട്. മായാവി ശരിക്കും സൂപ്പർ ഹീറോയാണോ? സത്യത്തിൽ ലുട്ടാപ്പിയോടു രാജുവിനും രാധയ്ക്കും എന്താണു പ്രശ്നം? ബാലരമയിലെ ഈ കഥാപാത്രങ്ങളോടാണു ചോദ്യം. ചോദിക്കുന്നതിലേറെയും വിദ്യാർഥികളാണ്. ഉത്തരം പറയുന്നതു മനുഷ്യരല്ലെന്നു മാത്രം. രസകരമായ ഉത്തരങ്ങളും തിരികെ നൽകുന്നതു നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു ചാറ്റ് ബോട്ടാണ്!
ഇതുപോലുള്ള ഒട്ടേറെ വിസ്മയ അനുഭവങ്ങളാണ് ‘റോബോവേഴ്‌സ് വിആർ’ എക്സ്പോയുടെ ലോകം തുറന്നിടുന്നത്. സമയം: രാവിലെ 10 മുതൽ രാത്രി 10 വരെ. പ്രവേശനം പാസ് മുഖേന. ടിക്കറ്റുകൾ www.roboversexpo.com എന്ന െവബ്സൈറ്റിലും എക്സ്പോ കൗണ്ടറിൽ നേരിട്ടും ലഭിക്കും.