ADVERTISEMENT

കൽപറ്റ ∙ നിർമിതബുദ്ധി ഉപയോഗപ്പെടുത്തി വേലി കെട്ടി കാട്ടാനകളെ തടയാൻ‌ സംസ്ഥാനത്തെ ആദ്യത്തെ എഐ സ്‌മാർട് ഫെൻസിങ് പരീക്ഷണാടിസ്ഥാനത്തിൽ വയനാട്ടിൽ തുടങ്ങി. ചെതലയം റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സെക്‌ഷനിലെ പാമ്പ്ര ചേലക്കൊല്ലിയിലാണ്‌ എഐ ഫെൻസിങ് ഒരുങ്ങുന്നത്. വൈറ്റ്‌ എലിഫന്റ്‌ ടെക്‌നോളജീസ്‌ കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണു നിർമാണം. 

സർക്കാർ അനുമതിയോടെ കമ്പനി സ്വന്തം നിലയിൽ 70 മീറ്ററിലാണു പ്രവൃത്തി നടത്തുന്നത്‌. റെയിൽ ഗാർഡുകൾ സ്ഥാപിച്ച്‌ അതിൽ ഇലാസ്‌തികതയുള്ള ബെൽറ്റ്‌ മെടഞ്ഞാണു പ്രതിരോധവേലി ഒരുക്കുക.  ബെൽറ്റിൽ സോളർ വൈദ്യുതിയും എഐ സംവിധാനങ്ങളുമുണ്ടാകും. കാട്ടാനകൾ പ്രതിരോധവേലിക്കു സമീപം എത്തിയാൽ സൈറൺ മുഴങ്ങി നാട്ടുകാർക്കു മുന്നറിയിപ്പ്‌ നൽകും. അതോടൊപ്പം പ്രദേശത്തെയും തിരുവനന്തപുരത്തെയും കൺട്രോൾ റൂമുകളിലേക്കും  കാട്ടാനകളുടെ തത്സമയ  ദൃശ്യങ്ങൾ എത്തും. ആനകൾ എത്ര ശക്തി ഉപയോഗിച്ചാലും വേലി മറികടന്ന്‌ പോകാനാകില്ല. 60 ടൺ ഭാരം വരെ പ്രതിരോധിക്കാൻ‌ ഈ വേലിക്കു ശേഷിയുണ്ട്.

പ്രതിരോധവേലിയുടെ 150 മീറ്റർ അകലെ വേലിയുടെ പ്രതീതിയുണ്ടാക്കുന്ന ചിത്രം എഐയിലൂടെ ഒരുക്കാനും കഴിയും. ഈ ചിത്രത്തിന്റെ പരിധിയിലേക്ക്‌ കാട്ടാനകൾ എത്തിയാലും സൈറൺ മുഴങ്ങും. ദൃശ്യങ്ങളും ലഭിക്കും. ഫെൻസിങ്ങിന്‌ ഒമ്പത്‌ അടി ഉയരമുണ്ടാകും. ‘ബുദ്ധിയും ശക്തിയും’ സംയോജിപ്പിക്കുന്നതാണ്‌ ഈ സാങ്കേതിക വിദ്യയെന്നു വൈറ്റ്‌ എലിഫന്റ്‌ ടെക്‌നോളജീസ്‌ അധികൃതർ പറഞ്ഞു.  കാട്ടാനകളുടെ സ്വഭാവ സവിശേഷതകൾ പഠിച്ചാണ്‌ സ്‌മാർട് ഫെൻസിങ് വികസിപ്പിച്ചത്. നിർമാണത്തിനു കിലോമീറ്ററിന്‌ 75 ലക്ഷം രൂപ വരെ ചെലവു വരും.

English Summary:

Artificial Intelligence fence to block wild elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com