ADVERTISEMENT

തിരുവനന്തപുരം∙ രാഹുൽഗാന്ധി കേരളത്തിന്റെ എംപി അല്ലാതാകുമ്പോൾ പകരം പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്കു വരുമെന്നു പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് കോൺഗ്രസ്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും പ്രിയങ്കയുടെ സ്ഥാനാർഥിത്വവും സാന്നിധ്യവും കരുത്തു പകരുമെന്ന വിശ്വാസത്തിലാണ് പാർട്ടി. രാഹുൽ ഒഴിയുമ്പോഴും വയനാട് പാർട്ടിയെ സംബന്ധിച്ച് വിഐപി മണ്ഡലമായി തുടരും. 

‘വയനാടിനും റായ്ബറേലിക്കും ഒരേസമയം സന്തോഷമുള്ള തീരുമാനം വരും’ എന്ന് ഇക്കഴിഞ്ഞ വയനാട് സന്ദർശനവേളയിൽ രാഹുൽ പറഞ്ഞപ്പോൾ തന്നെ പ്രിയങ്കയുടെ സ്ഥാനാർഥിത്വം കേരള നേതാക്കൾ ഉറപ്പിച്ചിരുന്നു. വയനാടിന്റെ എംപിയായി രാഹുൽ തുടരണമെന്ന അഭ്യർഥന അവർ ആവർത്തിച്ചെങ്കിലും ലോക്സഭയിലെ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത ശക്തമായിരിക്കെ റായ്ബറേലിയാകും തിരഞ്ഞെടുക്കുക എന്നതിനോട് അവർ പൊരുത്തപ്പെടുകയും ചെയ്തു. പകരം പ്രിയങ്ക വരുന്നതോടെ വയനാടിനെ രാഹുൽ കൈവിട്ടില്ലെന്ന സന്ദേശം നൽകാനാകുമെന്നും സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നു. കോൺഗ്രസിന്റെ താരപ്രചാരകരിൽ പ്രധാനിയായ പ്രിയങ്ക വയനാട്ടിൽ നിന്നുള്ള എംപിയാകുന്നതും കേരളത്തിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതും സംസ്ഥാന നേതൃത്വത്തിന് സന്തോഷകരമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി വോട്ടു തേടാനും പ്രിയങ്ക മുൻനിരയിലുണ്ടാകും. ആക്രമണോത്സുകമായി രാഷ്ട്രീയം സംസാരിക്കുന്ന പ്രിയങ്കയും ലോക്സഭയിൽ കേരളത്തിന്റെ ശബ്ദമാകുമെന്ന് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നു. യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത സീറ്റുകളിൽ ഒന്നായ വയനാട് ലക്ഷ്യംവച്ചുള്ള ചില നേതാക്കളുടെ ചരടുവലികൾക്കും ഇതോടെ അവസാനമായി. 

ഇതേസമയം, വയനാട്ടുകാരെ രാഹുൽ വഞ്ചിച്ചെന്ന വിമർശനം സിപിഐയും ബിജെപിയും ഉന്നയിച്ചുകഴിഞ്ഞു. 3 മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. പ്രതീക്ഷ ഒട്ടുമില്ലാത്ത മത്സരമാണെങ്കിലും അങ്ങനെ ഭാവിക്കാതെ തയാറെടുപ്പുകളിലേക്കു കടക്കേണ്ട സ്ഥിതിയാണ് എൽഡിഎഫിനും ബിജെപിക്കും. ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസും സിപിഐയും വയനാട്ടിൽ വീണ്ടും ഏറ്റുമുട്ടുകയാണെങ്കിലും, മത്സരം ഒഴിവാക്കുന്നത് ബിജെപിക്ക് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. പ്രിയങ്കയ്ക്കെതിരെ ദേശീയ നേതൃനിരയിൽ നിന്ന് സ്ഥാനാർഥിയെ കൊണ്ടുവരണമെന്ന അഭിപ്രായം ബിജെപിയിലുമുണ്ട്. 

വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ സിപിഐ മത്സരിക്കും. വയനാട്ടിലെ ജനങ്ങളെ ഇങ്ങനെ കോൺഗ്രസ് കബളിപ്പിക്കരുത്. രാഹുൽ ഗാന്ധിയെക്കൊണ്ടു വേഷം കെട്ടിച്ചത് ശരിയായില്ല. സിപിഐയുടെ സ്ഥാനാർഥി ആരെന്ന് ഇപ്പോൾ പറയാൻ കഴിയില്ല

രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട് ജനത പ്രിയങ്ക ഗാന്ധിയെയും അത്രമേൽ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് അയയ്ക്കും. വയനാടിന് ഇനി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ രണ്ടു പേരുടെയും കരുതലും സ്നേഹവുമാണ് ലഭിക്കുക. കേരളത്തിനുവേണ്ടി പാർലമെന്റിൽ രണ്ടു ഗാന്ധി ശബ്ദങ്ങൾ ഉയരും

English Summary:

Priyanka Gandhi Set to Become Kerala MP: Congress Brims with Excitement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com