ADVERTISEMENT

ന്യൂഡൽഹി∙ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന് എല്ലാവിധ പിന്തുണയുമെന്ന് ഭർത്താവ് റോബർട്ട് വാധ്‌ര. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് പ്രിയങ്കയെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഉചിതമായ സമയം വരുമ്പോൾ താനും പ്രിയങ്കയ്ക്കൊപ്പം പാർലമെന്റിലുണ്ടാകുമെന്നും വാധ്‌ര കൂട്ടിച്ചേർത്തു. 

‘‘ഇത്തവണ തീരുമാനമെടുത്തപ്പോൾ, അവരിൽനിന്ന് ‘നോ’ എന്ന ഉത്തരം ഞാനെടുത്തില്ല. പ്രചാരണത്തിൽ മാത്രമായി ഒതുങ്ങാതെ രാഷ്ട്രീയത്തിലും പാർലമെന്റിലും അവർ സജീവമാകേണ്ടത് ആവശ്യമാണ്. അവർ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ‘ഞാനും പോരാടും’ എന്ന അവരുടെ മുദ്രാവാക്യം... പാർലമെന്റിലെത്തിയാൽ ഇതിലും മികച്ചരീതിയിൽ അവർക്ക് പ്രവർത്തിക്കാനാകും. 

പ്രചാരണത്തിൽ പങ്കെടുത്തതുകൊണ്ടല്ല, അവർ ഉറപ്പായും പാർലമെന്റിലുണ്ടാകണമെന്നത് എന്റെ താൽപര്യമാണ്. ഞാൻ സന്തോഷവാനാണ്. ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ അവരെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു പാഠം പഠിപ്പിച്ചതിന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി. മതാധിഷ്ഠിതമായ രാഷ്ട്രീയമാണ് അവർ കളിച്ചത്’’ – വാധ്‌ര കൂട്ടിച്ചേർത്തു. 

മുൻപ് അമേഠി മണ്ഡലത്തിൽ താൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ താത്പര്യമെന്ന് റോബർട്ട് പറഞ്ഞിരുന്നു. എന്നാൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കിഷേരിലാൽ ഷർമയാണ് അമേഠിയിൽ മത്സരിച്ചു ജയിച്ചത്.

English Summary:

Robert Vadra's 'before me in Parliament' reaction to Priyanka Gandhi's Wayanad move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com