ADVERTISEMENT

കൽപറ്റ∙ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ കോൺഗ്രസുകാർ ആവേശത്തിൽ. രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞാൽ പ്രിയങ്ക അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു പ്രവർത്തകർക്ക്. ബലിപെരുന്നാൾ ദിവസമായ തിങ്കളാഴ്ച കോൺഗ്രസുകാരുടെ സമൂഹ മാധ്യമത്തിലെ സ്റ്റാറ്റസുകൾ പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നെങ്കിൽ പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ പ്രിയങ്കയുടെയും രാഹുലിന്റെയുമായി ചിത്രമായി സ്റ്റാറ്റസ്. പെരുന്നാൾ ദിനത്തിൽ സന്തോഷിക്കാൻ മറ്റൊരു കാരണം കൂടി. 

റായ്ബറേലിയിൽ രാഹുൽ ജയിച്ചപ്പോൾ ഇത്തവണ വയനാട് ഒഴിയുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. വയനാട് തന്റെ കുടുംബമാണ് എന്ന് രാഹുൽ ഇടയ്ക്കിടെ പറയുന്നതിനാൽ അത്ര എളുപ്പത്തിൽ രാഹുലിന് വയനാട് ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. പറയുന്ന വാക്കുകൾക്ക് വില കൽപ്പിക്കുന്ന നേതാവായാണ് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ കാണുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം രാഹുലിനു വയനാട്ടിൽ തുടരാൻ അനുകൂലമായിരുന്നില്ല. ഒറ്റ ചോദ്യം മാത്രമേ അവശേഷിച്ചുള്ളു; പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ? അതിന് ഉത്തരമായതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് പാർട്ടി കടക്കുകയാണ്.

∙ രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ പ്രഖ്യാപനം

രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ പ്രഖ്യാപനമാണ് പ്രിയങ്കാ ഗാന്ധിയുെട വരവോടെ വയനാട്ടിലുണ്ടാകുകയെന്ന് ടി.സിദ്ദിഖ് എംഎൽഎ. ധീര വനിതയായിരുന്നു ഇന്ദിര. അവരുടെ ധൈര്യവും സ്നേഹവും കരുതലുമുള്ള രാഷ്ട്രീയ നേതാവാണ് പ്രിയങ്ക. ഞങ്ങൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഡൽഹിയിൽ പോയി വയനാടിന്റെ കാര്യങ്ങൾ രാഹുലുമായി ചർച്ച ചെയ്തിരുന്നു.

പല യോഗങ്ങളിലും പ്രിയങ്കയും പങ്കെടുക്കും. അവർ ഓരോ കാര്യങ്ങളെക്കുറിച്ചും കൃത്യമായി വിശകലനം നടത്തും. വയനാട്ടിൽ നിരവധി തവണ അവർ വന്നിട്ടുണ്ട്. വയനാടിന്റെ വികസന പ്രശ്നങ്ങളും ജനകീയ പ്രശ്നങ്ങളും അവർക്ക് അറിയാം. അവർ വയനാടിനെ അറിയുന്ന നേതാവാണ്. ദേശീയ നേതൃത്വത്തിനൊപ്പം വയനാട് നിൽക്കുന്നത് മണ്ഡലത്തിന് വലിയ നേട്ടമുണ്ടാക്കും. പ്രിയങ്ക‌യുടെ ഭൂരിപക്ഷം 5 ലക്ഷത്തിലധികമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

∙ പ്രിയങ്ക വൻ ഭൂരിപക്ഷത്തിൽ വിജയിക്കും

പ്രിയങ്ക താഴെത്തട്ടിലുള്ള ജനങ്ങളെ സഹോദരങ്ങളെപ്പോലെ സ്നേഹിക്കുന്ന ആളാണെന്നും വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.  രാഹുൽ നാമനിർദേശ പത്രിക നൽകിയ ശേഷമാണ് നരേന്ദ്ര മോദിയും സ്മൃതി ഇറാനിയുമെല്ലാം രാഹുലിനെ ഉത്തരേന്ത്യയിൽ മത്സരിക്കാൻ വെല്ലുവിളിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മത്സരിച്ചത്. റായ്ബറേലിക്കും വയനാടിനും സന്തോഷമുണ്ടാക്കുന്ന തീരുമാനമായിരിക്കും എടുക്കുക എന്നാണ് രാഹുൽ പറഞ്ഞിരുന്നത്. ഗാന്ധി കുടുംബത്തിലെ ഒരംഗം ഒരു വാക്കു പറഞ്ഞാൽ അത് പാലിച്ചിരിക്കും– അദ്ദേഹം പറഞ്ഞു. 

English Summary:

Priyanka Gandhi's Candidacy in Wayanad Sparks Excitement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com