ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിനുണ്ടായ നേട്ടത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് കെപിസിസി യോഗത്തിൽ നേതാക്കളുടെ അഭിനന്ദന പ്രവാഹം. ‘കെസിയുടെ നേതൃത്വത്തെ സാഷ്ടാംഗം പ്രണമിക്കുന്നു’വെന്നു പറഞ്ഞാണു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രസംഗം അവസാനിപ്പിച്ചത്. സുധാകരൻ പറഞ്ഞതുകൊണ്ട് ആ വാചകം ആവർത്തിക്കുന്നില്ലെന്നായിരുന്നു എം.എം.ഹസന്റെ പരാമർശം.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ തീർക്കാനുള്ള ക്ലസ്റ്റർ മോഡലും തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ദ്വിദിന പരിശീലന ക്യാംപുമെല്ലാം യോഗത്തിൽ നിർദേശിച്ചതു കെ.സി.വേണുഗോപാലാണ്. ലോക്സഭാ വിജയവുമായി ബന്ധപ്പെട്ടു യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലും പലവട്ടം വേണുഗോപാലിന്റെ പങ്ക് എടുത്തു പറയുകയും ചെയ്തു.

പാർട്ടിയിൽ ഐക്യമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പ്രതിപക്ഷ നേതാവും വേദിയിലുള്ളവർ ഐക്യ സന്ദേശം താഴേക്കു നൽകണമെന്നു കെ.സി.വേണുഗോപാലും പറഞ്ഞു. കേരളത്തിൽ മികച്ച വിജയം നേടിയെങ്കിലും ബൂത്ത്തലത്തിൽ പോരായ്മകളുണ്ടെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പെന്നും അടുത്ത ഒരു മാസം ബൂത്ത് കമ്മിറ്റികൾ സജീവമാക്കാൻ നീക്കിവയ്ക്കണമെന്നും വേണുഗോപാൽ നിർദേശിച്ചു. പല ബൂത്തുകളിലും ആളില്ലെന്ന് വി.ഡി.സതീശനും എം.എം.ഹസനും ചൂണ്ടിക്കാട്ടി. ബൂത്ത് തലത്തിൽ പാർട്ടികൾക്കു ലഭിച്ച വോട്ടും വോട്ട് ചെയ്യാതിരുന്നവരുടെ പാർട്ടി തിരിച്ചുള്ള കണക്കും നൽകണമെന്നു കെപിസിസി ആവശ്യപ്പെട്ടിരുന്നെങ്കിലും കോഴിക്കോട് ജില്ലയിൽനിന്നു മാത്രമാണു ലഭിച്ചത്. ഇതിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. 

മറ്റു ഡിസിസികൾ എത്രയും വേഗം ഇതു നൽകണമെന്നു കർശനമായി നിർദേശിച്ചു. തൃശൂരിലെയും ആലത്തൂരിലെയും പരാജയം അന്വേഷിക്കാൻ കെപിസിസി സമിതിയെ വച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും യോഗത്തിലുണ്ടായില്ല. രണ്ടു മണിക്കൂർ യോഗത്തിൽ പ്രധാന നേതാക്കൾക്കു മാത്രമാണു പ്രസംഗിക്കാൻ അവസരം ലഭിച്ചത്.

English Summary:

KPCC praised KC Venugopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com