ഭരണവിരുദ്ധ വികാരമില്ലെന്ന് പിണറായി, തള്ളിയത് പാർട്ടി വിമർശനത്തെ; ലീഗിനെതിരായ ആക്രമണം പുതുനിലപാട്
Mail This Article
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിയുടെ കാരണങ്ങളിലൊന്നു ഭരണവിരുദ്ധ വികാരമാണെന്നു സിപിഎമ്മും ഘടകകക്ഷികളും വിലയിരുത്തുമ്പോഴും അത് അംഗീകരിക്കില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയാണു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പു ഫലം എൽഡിഎഫിനു തിരിച്ചടിയല്ലെന്നും ഭരണവിരുദ്ധ വികാരത്തിന്റെ പേരിലാണ് ഈ തോൽവിയെന്നു വിലയിരുത്തുന്നതു ശരിയല്ലെന്നും കോഴിക്കോട് പൊതുവേദിയിൽ മുഖ്യമന്ത്രി തുറന്നടിച്ചത് സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെയുള്ളവർക്കുള്ള മറുപടിയാണ്.
ചങ്ങാത്തത്തിനുള്ള സാധ്യതയുടെ വാതിൽ തുറന്നിട്ടു കരുതലോടെ മാത്രം മുസ്‌ലിം ലീഗിനെക്കുറിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രി ഇതേ വേദിയിൽ ലീഗിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ലീഗാകട്ടെ, മുഖപത്രമായ ചന്ദ്രികയിലെ ഇന്നലത്തെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ തിരിച്ചും ശക്തമായി ആക്രമിച്ചു. ‘നരേന്ദ്ര മോദിയുടെ തന്ത്രങ്ങളുടെ പകർപ്പുമായാണു മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്.
മുസ്‌ലിം ലീഗിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒരു വിഭാഗത്തിന്റെയെങ്കിലും പിന്തുണ നേടാനായി സമുദായ പത്രത്തിൽ പാർട്ടി അശ്ലീല പരസ്യം നൽകി കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടതെ’ന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്നു നോക്കുന്നതിനു മുൻപു മുഖ്യമന്ത്രി സ്വന്തം മുഖം നോക്കുന്നതു നല്ലതാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമും പറഞ്ഞു.
തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗങ്ങൾക്കൊടുവിലെ പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് എതിർപക്ഷത്തെ മുസ്‌ലിം ലീഗിനും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കുമെതിരെ ആദ്യം ആരോപണങ്ങൾ കടുപ്പിച്ചത്. പിന്നാലെ മുഖ്യമന്ത്രിയും ഇതേ നിലപാടു പരസ്യമായി പ്രഖ്യാപിച്ചതോടെ ലീഗിനെ ആക്രമിക്കുക എന്നത് പാർട്ടിയുടെ പുതുനിലപാടിന്റെ ഭാഗമാണെന്നു വ്യക്തമാകുന്നു.
എസ്എൻഡിപി യോഗം നേതൃത്വത്തിനെതിരെയും ഇതുവരെ തുടർന്ന നിലപാടു വിട്ടുള്ള ആക്രമണമാണ് സിപിഎം നേതൃത്വം ഇപ്പോൾ നടത്തുന്നത്. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യൻ വോട്ടുകളിൽ ഒരു ഭാഗം ബിജെപിയിലേക്ക് പോയത് ഫണ്ടിങ്ങുമായി ബന്ധപ്പെട്ടും ഭീഷണി മൂലവുമാണെന്ന സിപിഎം നിലപാടിനെതിരെ ക്രിസ്തീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.