ഗോവിന്ദൻ ഉൾപ്പെടെ ശൈലി മാറ്റണം: കൊല്ലം ജില്ലാ കമ്മിറ്റി
Mail This Article
കൊല്ലം / കോഴിക്കോട് / കാസർകോട് ∙ ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ശൈലി മാറ്റിയേ തീരൂ എന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. കമ്മിറ്റികളിൽ പഠിപ്പിക്കുന്ന ശൈലിയല്ല പാർട്ടി സംസ്ഥാന സെക്രട്ടറിക്കു വേണ്ടത്. കോടിയേരി ബാലകൃഷ്ണൻ കാണിച്ച മര്യാദയോടെയുള്ള പെരുമാറ്റ ശൈലി ശീലിക്കണം.
രണ്ടു ലോക്സഭാ സീറ്റ് കിട്ടിയാലും വിജയമാണെന്നു ഗോവിന്ദൻ മാധ്യമപ്രവർത്തകരോടു പറഞ്ഞത് തോൽവി മുൻകൂട്ടിക്കണ്ടാണെന്ന് അംഗങ്ങൾ വിമർശിച്ചു. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്താൻ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത് ? കൂടിക്കാഴ്ച നടത്തിയെന്നു ജയരാജൻ വോട്ടെടുപ്പു ദിനത്തിൽ വെളിപ്പെടുത്തിയത് മനഃപൂർവമായിരുന്നു.
അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധം മുഖ്യമന്ത്രി നടത്തിയ ‘ജീവൻ രക്ഷാ പ്രവർത്തനം’ പോലുള്ള പ്രയോഗങ്ങൾ കേരള ജനതയുടെ ആകെ അതൃപ്തിക്കു കാരണമായി. കമ്യൂണിസ്റ്റ് രീതിയിലുള്ള ജീവിത ശൈലിയല്ല നേതാക്കളുടേത്. ഉന്നത വിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുന്ന മോദി സർക്കാരിന്റെ നയം അതേ വേഗത്തിൽ കേരളത്തിൽ നടപ്പാക്കുകയാണ് പാർട്ടിയുടെ സർക്കാരെന്നും വിമർശനം ഉയർന്നു.
ദേശീയ സാഹചര്യങ്ങൾക്കു പുറമേ ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയും സർക്കാരിനെതിരായ വികാരവുമാണ് തോൽവിയുടെ ആഘാതം കൂട്ടിയതെന്നാണു കോഴിക്കോട്ടെ വിമർശനം. പ്രസംഗത്തിനിടെ മൈക്ക് തകരാറിലായപ്പോൾ മുഖ്യമന്ത്രി കാണിച്ച അസഹിഷ്ണുത ജനങ്ങൾ ലൈവ് ആയി കണ്ടു. നവകേരള സദസ്സുകൊണ്ട് ഗുണമുണ്ടായില്ലെന്നു മാത്രമല്ല തിരിച്ചടിയാവുകയും ചെയ്തു. ജനങ്ങളെ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റി. മുസ്‍ലിം സമുദായത്തെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ മറ്റു ചില വിഭാഗങ്ങളുടെ വെറുപ്പിനു കാരണമായി.
രാജ്യത്തു മോദിപ്രഭാവം മങ്ങിയതുപോലെ കേരളത്തിൽ പിണറായി പ്രഭാവവും മങ്ങിത്തുടങ്ങിയെന്ന് കാസർകോട്ട് വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തനരീതികളും ആരോപണങ്ങളും അവമതിപ്പുണ്ടാക്കി. വിവാദ ദല്ലാളുമായുള്ള ഇ.പി.ജയരാജന്റെ ബന്ധവും ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയും മറ്റ് ഇടപാടുകളും വലിയ ദോഷമായി. ജില്ലാ സെക്രട്ടറിയുടെ സ്ഥാനാർഥിത്വം ജില്ലാ കമ്മിറ്റി അംഗീകരിച്ചതാണെങ്കിലും അണികൾക്കും അനുഭാവികൾക്കും അത് സ്വീകാര്യമായില്ല.
കൊല്ലം ലോക്സഭാ സീറ്റിൽ എം. മുകേഷിനെ സ്ഥാനാർഥിയാക്കിയതിൽ കൊല്ലം ജില്ലാ കമ്മിറ്റിയംഗങ്ങൾ വിമർശിച്ചു. മുതിർന്ന നേതാവ് പി.കെ ഗുരുദാസൻ അടക്കമുള്ള നേതാക്കൾ വൈകാരികമായി പ്രതികരിച്ചു. 2016 ൽ പാർട്ടി ഏരിയ കമ്മിറ്റികളുടെ ഭൂരിപക്ഷാഭിപ്രായം അട്ടിമറിച്ചാണ് മുകേഷിനെ നിയമസഭാ സ്ഥാനാർഥിയാക്കിയത്. ഒരു തവണ കൂടി തന്നെ പരിഗണിക്കണമായിരുന്നെന്ന് പി.കെ.ഗുരുദാസൻ പറഞ്ഞു.
ശൈലി മാറ്റാന്‍ തയാർ: എം.വി. ഗോവിന്ദൻ
കണ്ണൂർ ∙ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഭരണത്തിലെ വീഴ്ചകൾ തിരിച്ചടിയായിട്ടുണ്ടെങ്കിലും കടുത്ത ഭരണപരാജയമെന്നു പറയുന്നതിൽ അർഥമില്ലെന്നു ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിക്കും പ്രത്യേക ശൈലിയുണ്ടാകുക സാധാരണമാണ്. അതു പെട്ടെന്നു മാറ്റാൻ സാധിക്കില്ല. എന്നാൽ മാറ്റേണ്ട ചിലതുണ്ട്. പ്രവർത്തകരുടെ ആഗ്രഹത്തിനൊത്തു ശൈലി മാറാൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മൈക്ക് ഓപ്പറേറ്ററെയും ശാസിച്ചിട്ടില്ലെന്ന്, തനിക്കെതിരെ ഉയർന്ന മൈക്ക് വിവാദത്തിനു മറുപടിയായി ഗോവിന്ദൻ പറഞ്ഞു. തമാശപോലെ ചില കാര്യങ്ങൾ അവിടെ പറയുകയായിരുന്നു.