തിരുത്തലും തിരുത്തൽ പ്രമേയവും!
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്കു ശേഷം തെറ്റുകൾ തിരുത്തുമെന്നാണല്ലോ സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഖ്യാപനം. പ്രതിപക്ഷം അതങ്ങോട്ട് വിശ്വസിക്കുന്നുമില്ല. അപ്പോൾ അതാ നിയമസഭയിൽ അവർക്കു മുന്നിൽ മുഖ്യമന്ത്രി തന്നെ ‘തിരുത്തുന്നു’; അഥവാ തിരുത്തൽ പ്രമേയം വയ്ക്കുന്നു.
നമ്മുടെ സ്വന്തം ‘കേരളത്തെ’ സായ്പിന്റെ ‘കേരള’ ആക്കിയതിൽ പ്രതിഷേധിച്ചും തിരുത്തണമെന്ന് ആവശ്യപ്പെട്ടും ഒരിക്കൽ നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചു കൊടുത്തതാണ്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും അതനുസരിച്ചു മാറ്റം വേണമെന്ന പ്രമേയത്തിലെ വാചകം പിശകി. അംഗീകൃത ഭാഷകളുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലേ എട്ടാം പട്ടികയുടെ കാര്യം പരാമർശിക്കേണ്ടൂ. അതു ‘മലയാളം’ തന്നെ, മാറ്റവുമില്ല. പ്രമേയം തന്നെ പാളിയത് കേന്ദ്രം കണ്ടെത്തി, അവർ തിരിച്ചയച്ചു. പോംവഴി തിരുത്തൽ പ്രമേയം തന്നെ. മുഖ്യമന്ത്രി അവതരിപ്പിച്ച ‘തിരുത്തൽ പ്രമേയ’ത്തിലെ ഭാഷാപ്രശ്നങ്ങൾ മാറ്റി തെളിമയുള്ള ഒരു പ്രമേയം എൻ.ഷംസുദ്ദീൻ അവതരിപ്പിച്ചുനോക്കി. എന്നാൽ തിരുത്തൽ പ്രമേയം വീണ്ടും തിരുത്തേണ്ടതില്ലെന്നു പിണറായി തീരുമാനിച്ചു.
തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മുസ്‍ലിം ലീഗിന്റെ മുഖം വികൃതമെന്നു മുഖ്യമന്ത്രി ആരോപിച്ചാൽ, അത് ലീഗ് പൊറുക്കുമോ? അപ്പുറത്തുള്ളവർ നോട്ടമിടുന്ന സുന്ദരിക്കുട്ടി തന്നെയാണ് ലീഗ് എന്നു കുറുക്കോളി മൊയ്തീന് ഉറപ്പുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആ സുന്ദരിക്കുട്ടിയുടെ വൈകൃതം നാട്ടുകാർ കണ്ടതാണെന്ന് അർഥം വച്ച് ജി.എസ്.ജയലാൽ തിരിച്ചടിച്ചു. പിണറായിയുടെ വിമർശനത്തിൽ മഞ്ഞളാംകുഴി അലിക്കു കലി കയറിയതു പോലെ തോന്നി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണി അടിച്ച് മസാലബോണ്ട് ആരംഭിച്ച പിണറായി ഇപ്പോൾ മണി അടിച്ചാൽ മസാലദോശ പോലും കിട്ടില്ലെന്നെല്ലാം അദ്ദേഹം ശപിച്ചു.
ഭൂപരിഷ്കരണം കടുപ്പിക്കാനുള്ള സിപിഐയുടെ നീക്കത്തോടുള്ള കേരള കോൺഗ്രസിന്റെ(എം) അതൃപ്തി സഭയിൽ ആദ്യമായി പ്രകടിപ്പിച്ചതു സെബാസ്റ്റ്യൻ കുളത്തുങ്കലായിരുന്നു. കെ.ആൻസലൻ ആരും പറയാത്ത രണ്ടു പോയിന്റ് പറഞ്ഞു. 2019 ൽ തോറ്റെങ്കിലും യുഡിഎഫിന്റെ സ്വന്തം പാലാ, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ അവരെ കെട്ടുകെട്ടിച്ച് എൽഡിഎഫ് അതിവേഗം തിരിച്ചുവന്നത് മറക്കരുത്, ബിജെപിക്ക് അഞ്ച് സ്ഥാനാർഥികളെ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭാവന ചെയ്തവരാണ് യുഡിഎഫ്!
തോൽവിയുടെ കാരണങ്ങളിലൊന്ന് മോശം ധനകാര്യ മാനേജ്മെന്റാണെന്ന ആരോപണം പാർട്ടിയിൽ കനത്തതിന്റെ പേരിൽ രാജിക്കൊരുങ്ങിയെന്നതു ശരിയാണോ എന്ന് റോജി എം.ജോൺ മന്ത്രി കെ.എൻ.ബാലഗോപാലിനോടു ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ പേരിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ലാക്കാക്കി കടകംപള്ളി സുരേന്ദ്രനിൽനിന്ന് ആക്ഷേപശരങ്ങൾ പാഞ്ഞതിന്റെ ‘ടൈമിങ്ങും’ ശ്രദ്ധിക്കപ്പെട്ടു.
∙ ഇന്നത്തെ വാചകം
"ആർഎസ്എസ് സർസംഘചാലകും സിപിഎം ജനറൽ സെക്രട്ടറിയും ഒഴിച്ചുള്ള എല്ലാ പദവികളും അലങ്കരിക്കാൻ ദലിതർക്കു സാധിച്ചിട്ടുണ്ട്." – എ.പി.അനിൽകുമാർ (കോൺഗ്രസ്)