ADVERTISEMENT

മാനന്തവാടി(വയനാട്)∙ തലപ്പുഴ കമ്പമലയ്ക്കു സമീപം മക്കിമലയിൽ കൊടക്കാട് ഊരിനടുത്ത് കുഴിബോംബ് സ്ഥാപിച്ച മാവോയിസ്റ്റുകൾ ലക്ഷ്യമിട്ടത് വൻ സ്ഫോടനം. കാടിനോടു ചേർന്നു നാട്ടുകാരും സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) അംഗങ്ങളും വനം ഉദ്യോഗസ്ഥരും സഞ്ചരിക്കുന്ന, സോളർ പ്രതിരോധവേലിക്കടുത്തുള്ള നടപ്പാതയിലാണു സ്റ്റീൽ പാത്രത്തിൽ സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. അൽപം മാറി ഒരു മരത്തിന്റെ ചുവട്ടിൽ ജലറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെടുത്തിട്ടുണ്ട്. 50 മീറ്റർ നീളത്തിൽ കുഴിയെടുത്ത് വയറുകളും‍ സ്ഥാപിച്ചിരുന്നു.

കുഴിബോംബ് സ്ഫോടനങ്ങൾ നടത്തുന്നതിലൂടെ മേഖലയിൽ തങ്ങൾ ഇപ്പോഴും സജീവമാണെന്നു ധരിപ്പിക്കുകയും അതുവഴി കൂടുതൽ യുവാക്കളെ പീപ്പിൾസ് ലിബറേഷൻ ഗറിലാ ആർമിയിലേക്കു റിക്രൂട്ട് ചെയ്യുകയുമാണു പദ്ധതിയെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ രാഷ്ട്രീയ സൈനിക ക്യാംപെയ്ൻ ആരംഭിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പശ്ചിമഘട്ട മേഖലയിൽ മാവോയിസ്റ്റുകൾ ആക്രമണങ്ങൾക്കു തയാറെടുക്കുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. 

ഉന്നം എസ്ഒജിക്ക് വിവരം നൽകുന്നവർ

തണ്ടർബോൾട്ടിനും സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിനും സ‍ഞ്ചാരപാത ചോർത്തിനൽകുന്ന വനപാലകരെയോ പ്രദേശവാസികളെയോ ലക്ഷ്യമിട്ടാണു സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്നാണു പൊലീസ് നിഗമനം. സ്ഫോടകവസ്തുക്കൾ ഉണ്ടായേക്കാമെന്നതിനാൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കാട്ടുതീ തടയാനുള്ള ഫയർലൈൻ പാതയിലൂടെയോ സോളർ പ്രതിരോധവേലിക്കടുത്തുകൂടെയോ തണ്ടർബോൾട്ട് സംഘം സഞ്ചരിക്കാറില്ല. ഈ വഴിയിലാണ് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയത്. പട്രോളിങ്ങിനിടെ വനപാലകരാണ് മ‍ഞ്ഞനിറമുള്ള വയറുകൾ ഇന്നലെ 2 മണിയോടെ ആദ്യം കണ്ടത്.

English Summary:

Landmine placed by Maoists was found near Thalapuzha Kambamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com