ADVERTISEMENT

കണ്ണൂർ ∙ ‘‘ചെടിച്ചട്ടികൊണ്ടു തലയ്ക്കേറ്റ അടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ല. തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചതിനുള്ള ചികിത്സ തുടരുകയാണ്. മറ്റൊരു ശസ്ത്രക്രിയകൂടി വേണ്ടിവരും’’– കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ചതിനു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ പറഞ്ഞു. 

2023 നവംബർ 18നു മർദനമേറ്റവർക്ക് 8 മാസം പിന്നിട്ടിട്ടും പഴയജീവിതം തിരിച്ചുകിട്ടിയിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ്, മഹിത മോഹൻ, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, കെഎസ്‌യു പ്രവർത്തകൻ സഞ്ജു സന്തോഷ് എന്നിവർക്കാണ് അന്നു മർദനമേറ്റത്. ഇടതുചെവിയുടെ കർണപുടം പൊട്ടിയ സഞ്ജുവിനു കേൾവി തിരിച്ചുകിട്ടിയിട്ടില്ല. 

‘‘കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നു രാവിലെ പൊലീസ് കരുതൽ തടങ്കലിൽ പിടിച്ചിട്ടിരുന്നു. നിർമാണത്തൊഴിലാളിയായ ഞാൻ ജോലിസ്ഥലത്തുനിന്ന് രാഹുലിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. ഞങ്ങളുടെ ഒപ്പം വന്നവരെക്കൂടി തടങ്കലിലാക്കി. തുടർന്നാണു പ്രതിഷേധിക്കണമെന്നു തീരുമാനിച്ചത്. എരിപുരം കെഎസ്ഇബി ഓഫിസിനു മുന്നിൽ നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ചു.

പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ‘തല്ലിക്കൊല്ലെടാ’ എന്നാക്രോശിച്ച് ഹെൽമറ്റും ചെടിച്ചട്ടികളുംകൊണ്ട് തല അടിച്ചുപൊട്ടിച്ചത്. ഞാൻ വീണു. പൊലീസെത്തി ഞങ്ങളെ ജീപ്പിൽ കയറ്റിയെങ്കിലും ജീപ്പിലിട്ടും മർദിക്കാൻ ധാരാളം സമയം നൽകിയശേഷമാണു മുന്നോട്ടെടുത്തത്. എന്റെ ബോധം നശിച്ചിരുന്നു. തലശ്ശേരി ആശുപത്രിയിൽ 2 ദിവസം ഐസിയുവിൽ. പിന്നെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ. തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചതു മാറ്റാൻ സാധിച്ചിട്ടില്ല’’– സുധീഷ് പറഞ്ഞു.

‘‘ഞങ്ങളെ കൊല്ലാൻ ശ്രമിച്ചതിനെ മുഖ്യമന്ത്രി ജീവൻരക്ഷാ പ്രവർത്തനം എന്നു വിശേഷിപ്പിച്ചതോടെ ഡിവൈഎഫ്ഐക്കാർക്കു പ്രോത്സാഹനമായി. അവർ നാടൊട്ടാകെ ആക്രമണം നടത്തി. ഇപ്പോൾ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി യോഗത്തിൽ വരെ മുഖ്യമന്ത്രിയുടെ ജീവൻരക്ഷാ പ്രവർത്തനം എന്ന പ്രയോഗം വിമർശിക്കപ്പെട്ടെന്നു കേട്ടപ്പോൾ ആശ്വാസം’’– രാഹുൽ പറഞ്ഞു.

അക്രമത്തിൽ മൊബൈൽ നഷ്ടമായ 4 പേർക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫോൺ നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇടപെട്ട് സഞ്ജുവിനു പുതിയ വീടു നിർമിച്ചു നൽകുകയാണ്. 

മുഖ്യമന്ത്രിയുടെ ജീവൻരക്ഷാ പ്രയോഗം

∙ മുഖ്യമന്ത്രി പറഞ്ഞത്: എന്താണു നടക്കുന്നതെന്നു ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാൾ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാർ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവൻ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാൾ അവിടെ കിടന്നുപോയി. രക്ഷിക്കാൻ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാൽ അയാൾക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവൻ രക്ഷിക്കലല്ലേ പ്രധാനം? ആ ജീവൻരക്ഷാ രീതിയാണു ഡിവൈഎഫ്ഐക്കാർ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികൾ തുടർന്നു പോകണം.

English Summary:

Nava Kerala sadas: Sudheesh without ending surgery; Sanju without hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com