ADVERTISEMENT

കണ്ണൂർ ∙ സിപിഎമ്മിൽ പുതിയ ഗ്രൂപ്പുണ്ടാക്കാൻ സംസ്ഥാനസമിതി അംഗം പി.ജയരാജൻ അടുത്തകാലത്തു ചർച്ച നടത്തിയെന്ന് പാർട്ടിയിൽനിന്നു പുറത്തുപോയ മുൻ ജില്ലാകമ്മിറ്റി അംഗം മനു തോമസ്. എന്നാൽ, ഏതൊക്കെ നേതാക്കളുമായാണു ചർച്ച നടത്തിയതെന്നു വ്യക്തമാക്കിയില്ല. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം സിപിഎമ്മിൽ പുതിയ ഗ്രൂപ്പുണ്ടാക്കാൻ പി.ജയരാജൻ ചർച്ച നടത്തിയെന്നതിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമെതിരെ പാർട്ടിയിൽ പടയൊരുക്കത്തിനു ശ്രമിച്ചെന്ന ആരോപണമുനയും ഇതിൽ മറഞ്ഞിരിക്കുന്നു.

ക്വാറി മുതലാളിക്കുവേണ്ടി മലയോരമേഖലയിൽ പി.ജയരാജൻ ഏരിയ സെക്രട്ടറിയെ വരെ സൃഷ്ടിച്ചെന്നും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻ സംഘത്തെയും ഉപയോഗിച്ചു കെട്ടിപ്പൊക്കിയ കച്ചവടസാമ്രാജ്യമുണ്ടെന്നും ഫെയ്സ്ബുക് പോസ്റ്റിൽ മനു ആരോപിച്ചു.

തിരുത്തേണ്ടതു മനു തോമസാണെന്ന് പി.ജയരാജൻ ഇന്നലെ രാവിലെ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചതിന് മനുവിനെതിരെ കേസ് കൊടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വെല്ലുവിളിയെന്നോണം പുതിയ ആരോപണങ്ങളുമായി മനു രംഗത്തെത്തിയത്. പരസ്യസംവാദത്തിനു ജയരാജനെ വെല്ലുവിളിക്കുകയും ചെയ്തു. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നതോടെ അംഗത്വം പുതുക്കാതെ, മനംമടുത്ത് പാർട്ടിയിൽനിന്നു പുറത്തുപോയതാണെന്നു മനു കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. തുടർന്നുണ്ടായ വിവാദങ്ങളാണ് ജയരാജനും മനുവും തമ്മിലുള്ള പരസ്യ പോർവിളിയിൽ എത്തിയിരിക്കുന്നത്.

English Summary:

P Jayarajan tried to create group in CPM says Manu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com