പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യും: മന്ത്രി വാസവൻ
Mail This Article
കൊല്ലം∙ പെൻഷൻകാരുടെ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും. ഡിഎ കുടിശിക ഉൾപ്പെടെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും വാസവൻ പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് സർക്കാർ പ്രഥമ പരിഗണന നൽകും. അവരുടെ സംരക്ഷണം ലക്ഷ്യമിട്ട് വയോജന കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ശമ്പള പരിഷ്കരണമെന്ന ആവശ്യവും സർക്കാർ പരിഗണിക്കും. ക്ഷേമപെൻഷൻ വിതരണം അതതു മാസങ്ങളിൽ തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ അധ്യക്ഷനായിരുന്നു. കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, മുൻ എംപി പി.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കെഎസ്എസ്പിയു ഭാരവാഹികളായ ആർ.രഘുനാഥൻ നായർ, എസ്.വിജയധരൻ പിള്ള, കെ.സദാശിവൻ നായർ, പി.ചന്ദ്രശേഖരൻ പിള്ള, കെ.സമ്പത്ത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ട്രേഡ് യൂണിയൻ സുഹൃത് സമ്മേളനം ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. നാളെ സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാനും വനിതാ സമ്മേളനം മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും. വൈകിട്ട് പ്രകടനത്തിനു ശേഷം ആശ്രാമം മൈതാനത്ത് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് യൂണിയൻ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോലും മുഖ്യമന്ത്രി കൈമാറും.