ഹാജരാകാൻ വീണ്ടും നോട്ടിസ്; ശമ്പളം കിട്ടണമെന്ന് ആവർത്തിച്ച് ഉമേഷ്
Mail This Article
പത്തനംതിട്ട ∙ ആറന്മുള പൊലീസ് സ്റ്റേഷനിലെ സസ്പെൻഷനിലുള്ള സിപിഒ യു. ഉമേഷിന് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ വീണ്ടും പൊലീസിന്റെ നോട്ടിസ്. എന്നാൽ ഈ മാസം 30നു മുൻപ് ഇതുവരെയുള്ള കുടിശിക ശമ്പളം ലഭിച്ചാൽ മാത്രമേ ഹാജരാകൂ എന്ന നിലപാടിലാണ് ഉമേഷ്. ജൂലൈ ഒന്നിന് പത്തനംതിട്ട ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കു മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഹാജരായില്ലെങ്കിൽ മറ്റു സാക്ഷികളെ വിസ്തരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും നോട്ടിസിൽ പറയുന്നുണ്ട്.
ഇതു രണ്ടാം തവണയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉമേഷിനു നോട്ടിസ് ലഭിക്കുന്നത്. ശമ്പളം ലഭിക്കാത്തതിനാൽ ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് ആദ്യത്തെ നോട്ടിസിന് ഇദ്ദേഹം മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിൽ മേലുദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവസാനം ഉമേഷിനെ സസ്പെൻഡ് ചെയ്തത്. ഈ മാസം തുടക്കത്തിൽ ഉമേഷിനു ലഭിച്ച കുറ്റാരോപണ മെമ്മോയിൽ സർവീസ് കാലയളവിൽ ഇതുവരെ നേരിട്ട അച്ചടക്ക നടപടികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വകുപ്പിനും സഹപ്രവർത്തകർക്കും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും അച്ചടക്കലംഘനം നടത്തിയെന്നും ആരോപണമുണ്ട്.