‘ശമ്പളമില്ലാത്തതിനാൽ വരാൻ നിവൃത്തിയില്ല സർ’: ഹാജരാകാൻ നിർദേശിച്ച ഡിവൈഎസ്പിയോട് സിപിഒ
Mail This Article
പത്തനംതിട്ട ∙ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫെയ്സ്ബുക് കുറിപ്പിട്ടതിനു സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനോട് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ശമ്പളമില്ലാത്തതിനാൽ നിവൃത്തിയില്ലെന്ന് മറുപടി. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒയും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ യു.ഉമേഷാണ് (ഉമേഷ് വള്ളിക്കുന്ന്) അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഇത്തരത്തിൽ മറുപടി നൽകിയത്.
‘സർ, 7 മാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫിസിൽ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാൽ വരാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവം ബോധിപ്പിച്ചുകൊള്ളുന്നു’ എന്നാണ് നോട്ടിസിൽ തന്നെ എഴുതി മറുപടിയായി നൽകിയിരിക്കുന്നത്.
അങ്കമാലിയിൽ ഗുണ്ടാവിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിയെയും കൂട്ടിനു പോയ 3 പൊലീസുകാരെയും പൊലീസ് തന്നെ പിടികൂടിയ സംഭവത്തിനു പിന്നാലെയാണ് ഉമേഷ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.