വെള്ളാപ്പള്ളിയെ കുറ്റപ്പെടുത്തിയ എം.വി. ഗോവിന്ദന് വിമർശനം; ധന, ആരോഗ്യ വകുപ്പുകൾക്കെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്
Mail This Article
ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുറ്റപ്പെടുത്തിയ സംസ്ഥാന സെക്രട്ടറിയുടെ നിരീക്ഷണത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. ധന, ആരോഗ്യ വകുപ്പുകൾക്കെതിരെയും യോഗത്തിൽ രൂക്ഷവിമർശനമുണ്ടായി. എന്നാൽ മുഖ്യമന്തിക്കെതിരെ വിമർശനം ഉണ്ടായില്ല.
എച്ച്.സലാം എംഎൽഎയാണു സംസ്ഥാന സെക്രട്ടറിയുടെ നിലപാടു തള്ളുന്ന വിമർശനം നടത്തിയത്. എസ്എൻഡിപി യോഗത്തിനു കാര്യമായ സ്വാധീനമില്ലാത്ത മലബാറിൽ വോട്ട് കുറഞ്ഞതു വെള്ളാപ്പള്ളിയുടെ നിലപാടു കാരണമാണോ എന്നായിരുന്നു സലാമിന്റെ ചോദ്യം. ഇതിനെ പി.പി.ചിത്തരഞ്ജൻ എംഎൽഎയും കെ.പ്രസാദും അനുകൂലിച്ചു.
ബിജെപിക്കു വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെപ്പോലുള്ളവരും പ്രവർത്തിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ഈ നിരീക്ഷണം തള്ളിക്കൊണ്ടാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വിമർശനം ഉന്നയിച്ചത്. എം.വി.ഗോവിന്ദന്റെ ആരോപണത്തോടു വെള്ളാപ്പള്ളി നടേശൻ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
എല്ലാ വിഭാഗങ്ങളുടെയും വോട്ട് എൻഡിഎയിലേക്കും യുഡിഎഫിലേക്കും പോയിട്ടുണ്ടെന്നും ഏതെങ്കിലും വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നുമാണു സലാമും മറ്റും അഭിപ്രായപ്പെട്ടത്. എൽഡിഎഫിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെട്ടെന്നും അതു ബിജെപിക്കു കിട്ടിയെന്നും ജില്ലാ നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു. അതിലും പ്രധാനമായി ഉന്നം വച്ചതു വെള്ളാപ്പള്ളിയെയാണ്.
ജനങ്ങളെ നേരിട്ട് ഏറ്റവും ബാധിക്കുന്ന ധന, ആരോഗ്യ വകുപ്പുകളുടെ ചുമതലക്കാരായ മന്ത്രിമാർ, പ്രശ്നങ്ങളിൽ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്നായിരുന്നു എ. മഹേന്ദ്രന്റെയും എസ്.ഹരിശങ്കറിന്റെയും കുറ്റപ്പെടുത്തൽ. ഉദ്യോഗസ്ഥരാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒരു വ്യവസ്ഥയുമില്ല. കാര്യങ്ങൾ പറഞ്ഞാൽ പരിഹാരമില്ല.
സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയതിനെപ്പറ്റി ജനങ്ങളോടു മറുപടി പറയാൻ കഴിഞ്ഞില്ല. യുഡിഎഫ് 16 മാസത്തെ പെൻഷൻ കുടിശികയാക്കിയെന്നു പറഞ്ഞ് അധികാരത്തിൽ എത്തിയിട്ട് തിരഞ്ഞെടുപ്പു കാലത്തു പോലും പെൻഷൻ നൽകാൻ ധനവകുപ്പിനു കഴിഞ്ഞില്ലെന്ന വിമർശനവും ഉയർന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി സജി ചെറിയാനും ദിനേശൻ പുത്തലത്തും യോഗത്തിൽ സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയതിനാൽ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളും പങ്കെടുത്തില്ല.