അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
അങ്കമാലി ∙ താലൂക്ക് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിച്ചു നടത്തിയ സിനിമാ ചിത്രീകരണത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫിസർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ വിശദീകരണം നൽകണമെന്നു കമ്മിഷൻ അംഗം വി.കെ.ബീനകുമാരി ഉത്തരവിട്ടു. ഇന്നലെക്കൂടി ചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും കമ്മിഷൻ ഇടപെട്ടതോടെ നിർത്തിവച്ചു.
നടൻ ഫഹദ് ഫാസിൽ നിർമിക്കുന്ന ‘പൈങ്കിളി’ എന്ന മലയാള സിനിമയുടെ ചിത്രീകരണം വ്യാഴം രാത്രി 9 മണിയോടെയാണ് ആരംഭിച്ചത്. വാഹനങ്ങളും സാങ്കേതിക പ്രവർത്തകരും എത്തിയ ശേഷം ആശുപത്രിയുടെ പ്രധാന കവാടം അടച്ചു. ഇതിനിടെ അത്യാഹിത വിഭാഗത്തിലേക്കു കൊണ്ടുവന്ന രോഗിയെയും ബന്ധുക്കളെയും ആശുപത്രിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
അഭിനേതാക്കളും ചിത്രീകരണ സഹായികളും ഉൾപ്പെടെ അൻപതോളം പേർ അത്യാഹിത വിഭാഗത്തിൽ തിങ്ങിനിറഞ്ഞു. ആശുപത്രിയിലെ പല ലൈറ്റുകളും ഷൂട്ടിങ്ങിന്റെ സൗകര്യത്തിനായി മറച്ചിരുന്നു. ഇതിനിടയിലൂടെ വേണമായിരുന്നു ഡോക്ടർമാർക്കു രോഗികളെ ചികിത്സിക്കാൻ. ‘‘നിങ്ങളൊന്നു മിണ്ടാതിരിക്ക്. ഞങ്ങളിതൊന്ന് എടുത്തോട്ടെയെന്ന്’’ രോഗികളോടും ആശുപത്രി ജീവനക്കാരോടും സിനിമാപ്രവർത്തകർ കയർത്തതായും പരാതിയുണ്ട്.
ആരോഗ്യവകുപ്പു ഡയറക്ടറുടെ അനുമതിയോടെയാണ് ആശുപത്രിയിൽ ഷൂട്ടിങ് നടത്തിയതെന്നു നിർമാണ കമ്പനി പ്രതിനിധികൾ വിശദീകരിച്ചു. റിസപ്ഷൻ ഹാൾ, കാഷ്വൽറ്റി ട്രീറ്റ്മെന്റ് റൂം എന്നിവിടങ്ങളിലാണു ചിത്രീകരണമെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു. ഒരു ദിവസത്തേക്കു 10,000 രൂപയെന്ന നിരക്കിലാണു സർക്കാർ ആശുപത്രികളിൽ ഷൂട്ടിങ് അനുവദിക്കുന്നത്.
ദൈനംദിന പ്രവർത്തനങ്ങൾക്കു തടസ്സമുണ്ടാക്കരുതെന്നും രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും ശബ്ദ മലിനീകരണം പാടില്ലെന്നുമുള്ള നിബന്ധനകളോടെയാണു ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട് പറഞ്ഞു.