ADVERTISEMENT

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരള വാസികൾക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന സ്ഥലം ഏതാണ്? അതു തൃശൂരിലെ കൊരട്ടി ആണെന്നു കേരള നിയമസഭയ്ക്കു മുൻപാകെ വെളിപ്പെടുത്തിയതും ബോധ്യപ്പെടുത്തിയതും സനീഷ് കുമാർ ജോസഫാണ്. സംഗതി ലളിതമാണ്, സദുദ്ദേശ്യപരവുമാണ്. സനീഷിന് സ്വന്തം മണ്ഡലമായ ചാലക്കുടിയിൽ എയിംസ് വേണം. അതിനായി കൊരട്ടിയിൽ 200 ഏക്കർ സ്ഥലവും എംഎൽഎ കണ്ടെത്തിക്കഴിഞ്ഞു. റോഡോ റെയിലോ ഏതു മാർഗവും ആകട്ടെ ഇത്രമാത്രം സുഗമമായി ആർക്കും വരാവുന്ന മറ്റൊരു നാടില്ലെന്ന് കാര്യകാരണ സഹിതം സനീഷ് വിവരിച്ചു. കൊരട്ടിയിൽ എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനൗദ്യോഗിക പ്രമേയവും അവതരിപ്പിച്ചു. 

ഇതുവരെ കേന്ദ്രം തരാത്ത എയിംസ് കൊരട്ടിയിൽ തന്നെ വേണമെന്ന് എന്തിന് ഇത്ര നിർബന്ധബുദ്ധി? ആതുര ചികിത്സാ രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോടല്ലേ വേണ്ടത് എന്നായി എൻ.എ.നെല്ലിക്കുന്ന്. എയിംസിനായുള്ള കാത്തിരിപ്പിലാണ് വയനാട്ടുകാരെന്ന് ടി.സിദ്ദിഖ്. സനീഷുണ്ടോ പിന്മാറുന്നു! വയനാട്ടുകാർക്കും കാസർകോട്ടുകാർക്കും കൊരട്ടിയിൽ എളുപ്പം വരാമല്ലോ എന്നായി അദ്ദേഹം. സ്ഥലം ഏതുമാകട്ടെ, കാര്യം നടന്നാൽ മതിയെന്ന് ടി.വി.ഇബ്രാഹിം.

ഈ ചർച്ചയെല്ലാം വ്യർഥമാണെന്നു കെ.എം.സച്ചിൻദേവ് വെളിപ്പെടുത്തി. സ്വന്തം മണ്ഡലമായ ബാലുശ്ശേരിക്ക് അടുത്ത് കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 150 ഏക്കർ സ്ഥലം ‘എയിംസി’നായി കേന്ദ്രത്തിനു ശുപാർശ ചെയ്തു കഴിഞ്ഞെന്നു സച്ചിന്റെ വക സിക്സർ. എയിംസ് എന്ന കിനാവിനായി കണ്ടെത്തിയ സ്ഥലം കിനാലൂർ തന്നെയെന്ന് മന്ത്രി വീണാ ജോർജും സാക്ഷ്യപ്പെടുത്തി. ചോദിക്കുമ്പോഴും പറയുമ്പോഴുമെല്ലാം കേന്ദ്ര നിലപാട് ‘അനുഭാവപൂർണം’ ആണെങ്കിലും രാഷ്ട്രീയ അനുമതി ഇതുവരെ ആയിട്ടില്ലെന്ന ബോധ്യം, പക്ഷേ വീണയ്ക്കുണ്ട്.

സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള കേന്ദ്ര സ്കോളർഷിപ്പുകൾ നിർത്തലാക്കിയതു പുനഃസ്ഥാപിക്കണമെന്ന എൻ.ഷംസുദ്ദീന്റെയും കേരളത്തിന്റെ അരി വിഹിതം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ചുള്ള കാനത്തിൽ ജമീലയുടെയും പ്രമേയങ്ങളുടെ ഉള്ളടക്കം കേന്ദ്ര വിരുദ്ധത തന്നെ. എന്നാൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനുമുണ്ട് അലംഭാവമെന്ന് കൂട്ടിച്ചേർക്കാൻ ഷംസുദ്ദീനുണ്ടോ മറക്കുന്നു.

ആ ആക്ഷേപം ശരിയല്ലെന്നായി മുൻ മന്ത്രി കെ.ടി.ജലീൽ മുതൽ ഇപ്പോഴത്തെ മന്ത്രി വി.അബ്ദുറഹ്മാൻ വരെ. പ്രമേയം മന്ത്രി തള്ളിയതോടെ എന്നാൽ പിന്നെ ‘ആദ്യപകുതി’ എങ്കിലും അംഗീകരിച്ചു കൂടേ എന്നായി ഷംസുദ്ദീൻ. ജമീലയുടെ പ്രമേയത്തെ ഐ.ബി.സതീഷ് തുണച്ചപ്പോൾ പ്രമേയത്തിൽ പിടിച്ചു സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ വീഴ്ചകൾ നിരത്താനായിരുന്നു എൽദോസ് കുന്നപ്പള്ളിലിന്റെയും കുറുക്കോളി മൊയ്തീന്റെയും നീക്കം. റേഷൻ കടയിൽ അരിയില്ലെന്ന കുറുക്കോളിയുടെ ആരോപണം പൊളിക്കാ‍ൻ ‘ഒരു മിനിറ്റു മുൻപു’ വരെ അരി വാങ്ങിയവരുടെ കണക്കാണ് മന്ത്രി ജി.ആർ.അനിൽ നിരത്തിയത്. 

വന്യജീവി ആക്രമണം മൂലം പൊറുതിമുട്ടിയവരെ രക്ഷിക്കാനായി വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കണം എന്നതായിരുന്നു നാലാമത്തെ പ്രമേയാവതാരകൻ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആവശ്യം. ‘ഷൂട്ട് അറ്റ് സൈറ്റി’ൽ ആണ് കുളത്തുങ്കൽ വിശ്വസിക്കുന്നത്. 

∙ ഇന്നത്തെ വാചകം 

സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വിഷയവും നിയമസഭയിൽ ചർച്ച ചെയ്തുപോകരുത് എന്നതാണ് ഈ സർക്കാരിന്റെ പുതിയ നയം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

English Summary:

Kerala assembly Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com