സിദ്ധാർഥന്റെ മരണം: പ്രതികൾക്കു വഴിവിട്ട സഹായം വീണ്ടും; റെക്കോർഡ് ബുക് സമർപ്പിക്കാതെ പ്രാക്ടിക്കൽ പരീക്ഷ എഴുതിച്ചു
Mail This Article
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ റാഗിങ്ങിനിരയായി മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പ്രാക്ടിക്കൽ പരീക്ഷയിൽ സഹായിക്കാനും വെറ്ററിനറി സർവകലാശാലയുടെ നീക്കം. പ്രാക്ടിക്കൽ റെക്കോർഡ് ബുക്കോ ടേം പേപ്പറോ സമർപ്പിക്കാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാണു വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം.
അതു പാലിക്കാതിരുന്നിട്ടും സിദ്ധാർഥൻ കേസിലെ 3 പ്രതികൾ ഇന്നലെ മണ്ണുത്തി ക്യാംപസിൽ പ്രാക്ടിക്കൽ പരീക്ഷയെഴുതി. വകുപ്പുമേധാവിയുടെ സർട്ടിഫിക്കറ്റോടെയുള്ള ലോഗ് ബുക്കും പ്രതികൾ സമർപ്പിച്ചിരുന്നില്ല. പ്രാക്ടിക്കൽ പരീക്ഷയെഴുതാൻ വിദ്യാർഥികൾ പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ അക്കാദമിക് കൗൺസിൽ മാർഗരേഖയിലും കൃത്യമായി പറയുന്നുണ്ട്. അതൊന്നും സിദ്ധാർഥൻ കേസ് പ്രതികളുടെ കാര്യത്തിൽ ബാധകമായില്ല.
എന്നാൽ, പരീക്ഷയെഴുതിക്കണമെന്ന ഉത്തരവു ഹൈക്കോടതിയിൽ നിന്നു പ്രതികൾ സമ്പാദിച്ചതിനാൽ അതു നടപ്പാക്കുകയല്ലാതെ സർവകലാശാലയ്ക്കു മറ്റു മാർഗങ്ങളില്ലായിരുന്നുവെന്നാണു വിശദീകരണം. പ്രതികൾക്കനുകൂലമായ ഉത്തരവിനെതിരെ ഇന്ന് സർവകലാശാല അപ്പീൽ നൽകും. ആകെയുള്ള 5 കേസുകളിൽ 2 എണ്ണത്തിലാണ് ഇന്ന് അപ്പീൽ നൽകുക. പ്രതികളുടെ പരീക്ഷാഫലവും തടഞ്ഞുവയ്ക്കും.
കോടതി നിർദേശം അനുസരിക്കണമെന്നാണു സർവകലാശാലയ്ക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നറിയുന്നു. ജൂലൈ 6 നാണു പരീക്ഷ തീരുന്നത്. അപ്പീൽ അനുവദിക്കപ്പെട്ടാലും അതിനിടയിൽ പ്രതികൾക്കു മിക്ക പരീക്ഷകളും എഴുതിത്തീർക്കാനാകുമെന്ന സാഹചര്യവും നിലനിൽക്കുന്നു.