ADVERTISEMENT

തിരുവല്ല ∙ പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നു പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട പ്രാദേശിക നേതാവിനെ തിരിച്ചെടുത്തതിനെ ചൊല്ലി സിപിഎം ലോക്കൽ കമ്മിറ്റിയിൽ ബഹളം. തിരുവല്ല ടൗൺ നോർത്ത് മുൻ ലോക്കൽ സെക്രട്ടറിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.സി.സജിമോനെ തിരിച്ചെടുത്തതാണു പാർട്ടിയിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. 

പ്രാഥമിക അംഗത്വം നൽകിയതിനു പുറമേ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സജിമോനെ തിരിച്ചെടുത്തത്. ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി പങ്കെടുത്ത യോഗത്തിലാണ് സംഭവം. സജിമോനും എത്തിയിരുന്നു. ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനു മുൻപ് ഇദ്ദേഹം യോഗത്തിൽ പങ്കെടുത്തതിനെതിരെ പ്രതിഷേധമുയർന്നു.

സജിമോന്റെ സാന്നിധ്യത്തിൽ കമ്മിറ്റി കൂടാൻ കഴിയില്ലെന്ന് ലോക്കൽ കമ്മിറ്റിയിലെ 8 അംഗങ്ങളിൽ 6 പേരും പറഞ്ഞതോടെ യോഗം പിരിഞ്ഞു. സജിമോനെ തിരിച്ചെടുത്തത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും തീരുമാനം അംഗീകരിക്കില്ലെന്നും ലോക്കൽ സെക്രട്ടറി ഉൾപ്പെടെ നിലപാടെടുത്തു. നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയെ സമീപിക്കാനും ലോക്കൽ കമ്മിറ്റിയിലെ ഒരുവിഭാഗം തീരുമാനിച്ചു. സജിമോനെതിരെ തിരുവല്ല പൗരസമിതിയുടെ പേരിൽ വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 2017–ലാണ് സജിമോൻ ആദ്യം പാർട്ടിയിൽനിന്ന് പുറത്താകുന്നത്. പിന്നീട് മേൽഘടകം നടപടി പിൻവലിക്കുകയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലേക്കുമെത്തി. ഇതിനെതിരെ പരാതിയുണ്ടായി. ഇതോടെയാണു സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ സജിമോനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്.

നേരത്തെ കിട്ടിയ സസ്പെൻഷനു പുറമേ പുറത്താക്കലും വന്നതോടെ ഒരേ സംഭവത്തിൽ രണ്ടു നടപടി ഉണ്ടായി എന്ന് കാണിച്ച് സജിമോൻ സിപിഎം കൺട്രോൾ കമ്മിഷനു പരാതി നൽകി. തുടർന്ന് കമ്മിഷൻ ഒരു തെറ്റിൽ രണ്ട് നടപടി വേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി നിലപാടും സജിമോന് അനുകൂലമായി. 

2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കയറ്റിക്കൊണ്ടു പോയി ലഹരി നൽകി നഗ്ന ദ്യശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയാണ് സജിമോൻ.

English Summary:

CPM local committee against taking back molestation case accused in party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com