എറണാകുളം– ബെംഗളൂരു വന്ദേഭാരത് ട്രെയിൻ കേരളം വിട്ടേക്കും
Mail This Article
കൊച്ചി ∙ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, എറണാകുളം– ബെംഗളൂരു റൂട്ടിൽ വരുമെന്നു കരുതിയ വന്ദേഭാരത് ട്രെയിൻ കേരളം വിട്ടേക്കും. മാസങ്ങളായി കൊല്ലത്തു കിടന്ന വന്ദേഭാരത് റേക്ക് ഇന്നു വൺവേ സ്പെഷൽ ട്രെയിനായി കൊച്ചുവേളിയിൽ നിന്നു മംഗളൂരുവിലേക്ക് ഓടിക്കുകയാണ്. വേനൽക്കാലത്തെ തിരക്കൊഴിവാക്കാനാണ് അധിക സർവീസെന്നു ദക്ഷിണ റെയിൽവേ അധികൃതർ പറയുന്നു. കേരളത്തിൽ നിന്ന് ഏറ്റവും തിരക്കേറെയുള്ള ബെംഗളൂരുവിലേക്കു വന്ദേഭാരത് സർവീസ് ട്രെയിൻ യാത്രക്കാരുടെ പ്രധാന ആവശ്യമാണ്. ഈ പ്രതീക്ഷയാണ് അധികൃതർ വീണ്ടും തകർത്തത്.
എറണാകുളം - ബെംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങുമെന്നു കരുതിയിരുന്ന വന്ദേഭാരത് റേക്ക് മുൻപും തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തിച്ചിരുന്നു. ഇതും കർണാടകയിലേക്കാണു കടത്തിയത്. മൈസൂരു– ചെന്നൈ റൂട്ടിൽ സർവീസും തുടങ്ങി. പിന്നീടാണു മറ്റൊരു വന്ദേഭാരത് റേക്ക് കൊല്ലത്ത് എത്തിച്ചത്. ഇതാണിപ്പോൾ മംഗളൂരുവിലേക്കു കൊണ്ടുപോകുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എറണാകുളം മാർഷലിങ് യാഡിൽ വന്നതോടെ എറണാകുളത്തുനിന്നു വന്ദേഭാരത് ആരംഭിക്കാൻ തടസ്സമില്ലായിരുന്നു. എന്നാൽ, ലോക്കോ പൈലറ്റ് ക്ഷാമവും മറ്റു പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ സർവീസ് ആരംഭിക്കാൻ തയാറായിരുന്നില്ല.
ബെംഗളൂരുവിൽ പ്ലാറ്റ്ഫോം ലഭ്യത പ്രശ്നം ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ ശുപാർശകൾ ബെംഗളൂരു ഡിവിഷൻ വെട്ടിയിരുന്നു. എന്നാൽ, മധുര–ബെംഗളൂരു വന്ദേഭാരത് സ്വീകരിക്കാൻ അവിടെ തടസ്സമില്ലായിരുന്നു. കേരളത്തിലേക്കു മാത്രം ട്രെയിനോടിക്കാനാണു ബെംഗളൂരു ഡിവിഷനു താൽപര്യമില്ലാത്തതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ബസ് ലോബിയുടെ ഇടപെടലാണു തുടർച്ചയായി കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് സർവീസുകൾ അട്ടിമറിക്കപ്പെടാൻ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോൾ കൊണ്ടുപോകുന്ന റേക്ക് തിരികെ കിട്ടുമോയെന്ന കാര്യത്തിൽ കൃത്യമായ മറുപടി അധികൃതർ നൽകുന്നില്ല. 2 വന്ദേഭാരത് റേക്കുകൾ കേരളത്തിനു നഷ്‌ടപ്പെടാൻ ഇടയായതു ദക്ഷിണ റെയിൽവേയുടെ പിടിപ്പുകേടു മൂലമാണെന്നു യാത്രക്കാർ സമൂഹമാധ്യമത്തിൽ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.