ജോലിക്കെത്താത്ത ഡോക്ടർമാരുടെ പേര് പ്രസിദ്ധീകരിച്ചു; ഇനി പിരിച്ചുവിടൽ
Mail This Article
തിരുവനന്തപുരം ∙ അനധികൃതമായി ജോലിക്കു ഹാജരാകാത്ത മെഡിക്കൽ കോളജ് ഡോക്ടർമാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇവരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. ഹാജരാകാത്ത കാലയളവ് വ്യക്തമാക്കിയാണ് പരസ്യം പ്രസിദ്ധീകരിച്ചത്. 15 ദിവസത്തിനകം പിരിച്ചുവിടലുണ്ടാകും. ഇവർ സർവീസിൽ തിരികെ പ്രവേശിക്കണമെന്ന് ഒരു മാസം മുൻപു വരെ മുന്നറിയിപ്പു നൽകിയിരുന്നു.
ലിസ്റ്റിൽ ഉൾപ്പെട്ട ഡോക്ടർമാരിൽ പലരും അവധിയെടുത്തു വിദേശത്തു പോയവരും സ്വകാര്യ ആശുപത്രികളിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവരുമാണ്. വിരമിക്കുന്ന കാലയളവിനു തൊട്ടുമുൻപു തിരികെയെത്തി പെൻഷനും മറ്റും ഉറപ്പാക്കുന്ന പ്രവണതയും നിലനിന്നിരുന്നു. 2023 ഒക്ടോബർ വരെ ജോലിക്ക് എത്താത്തവരുടെ പേരുവിവരങ്ങളാണു പരസ്യത്തിലുള്ളത്.
ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് ആരോഗ്യവകുപ്പിൽ അനധികൃതമായി സർവീസിൽനിന്നു വിട്ടുനിൽക്കുന്നതെന്നാണു വിവരം. മറ്റു വിഭാഗങ്ങളിലെ ജീവനക്കാർക്കെതിരെയും വരുംദിവസങ്ങളിൽ നടപടിയുണ്ടാകും.