ADVERTISEMENT

ആലപ്പുഴ ∙ ലൈബ്രറി സെസ് പിരിച്ച 60 കോടി രൂപ ലൈബ്രറി കൗൺസിലിൽ അടയ്ക്കാതെ തദ്ദേശസ്ഥാപനങ്ങൾ വകമാറ്റി. സംസ്ഥാനത്തെ ലൈബ്രറികളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ലൈബ്രേറിയൻമാരുടെ ശമ്പളം 6 മാസമായി നൽകിയിട്ടില്ല. ഗ്രന്ഥശാലകൾക്കു പുസ്തകം വാങ്ങാനായി ലൈബ്രറി കൗൺസിൽ നൽകുന്ന ഗ്രാന്റും മുടങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ മേയ്, ജൂൺ മാസങ്ങളിൽ നടത്താറുള്ള ജില്ലാ പുസ്തകോത്സവങ്ങളും നടത്തിയിട്ടില്ല.

തദ്ദേശസ്ഥാപനങ്ങൾക്കു ലഭിക്കുന്ന കെട്ടിടനികുതിയുടെ 5% ലൈബ്രറി സെസായി ലൈബ്രറി കൗൺസിലിനു നൽകണമെന്നാണു ചട്ടം. വാണിജ്യകെട്ടിടങ്ങളുടെ നികുതിയിനത്തിൽ ഉയർന്ന വരുമാനം ലഭിക്കുന്ന കോർപറേഷനുകളും നഗരസഭകളുമാണു പണം അടയ്ക്കുന്നതിൽ പിന്നിൽ. കൊച്ചി കോർപറേഷൻ മാത്രം അടയ്ക്കാനുള്ളതു 16 കോടി രൂപ.

പാലക്കാട് നഗരസഭ 3 കോടി, ആലപ്പുഴ നഗരസഭ 2.44 കോടി രൂപ എന്നിങ്ങനെ അടയ്ക്കാനുണ്ട്. കൊല്ലം കോർപറേഷനും വടകര, പരവൂർ, ചിറ്റൂർ, ചെങ്ങന്നൂർ, കായംകുളം, ചങ്ങനാശേരി, നോർത്ത് പറവൂർ നഗരസഭകളും ഒട്ടേറെ പഞ്ചായത്തുകളും ലക്ഷക്കണക്കിനു രൂപ അടയ്ക്കാനുണ്ട്. തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകൾ ഉൾപ്പെടെ ചുരുക്കം ചിലർ മാത്രമാണു കൃത്യമായി സെസ് അടയ്ക്കുന്നതെന്നു ലൈബ്രറി കൗൺസിൽ അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ എണ്ണായിരത്തോളം ലൈബ്രറികൾക്കു പുസ്തകങ്ങൾ വാങ്ങാനുള്ള പണവും ലൈബ്രേറിയൻമാരുടെ ശമ്പളവും സംസ്ഥാന ലൈബ്രറി കൗൺസിലാണു  നൽകുന്നത്.

ബജറ്റ് വിഹിതവും മുടങ്ങി

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും ലൈബ്രറി കൗൺസിലിനെ ബാധിച്ചു. 2023ലെ ബജറ്റിൽ 27 കോടി രൂപ അനുവദിച്ചതിൽ 13 കോടി മാത്രമാണു കിട്ടിയത്. അവസാന ഗഡു മുടങ്ങി. ഈ വർഷം 27 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യ ഗഡു ഇതുവരെ ലഭിച്ചില്ല.

English Summary:

Funds collected for libraries diverted by local bodies; libraries in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com