ഡിജിപിയുടെ ഭൂമി ഇടപാട്: കേസും പരാതിയും സർക്കാർ പരിശോധിക്കുന്നു
Mail This Article
തിരുവനന്തപുരം∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും സർക്കാർ പരിശോധിക്കുന്നു. 74 ലക്ഷം രൂപയ്ക്കു ഭൂമി വിൽക്കാൻ സമ്മതിക്കുകയും മുൻകൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാർ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറിൽ ഉൾപ്പെട്ട വ്യക്തി മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം ഓൺലൈനായി പരാതി നൽകിയിരുന്നു.
ഇത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ സമീപിച്ച കാര്യം പരാതിക്കാരൻ ഇന്നലെ മാധ്യമങ്ങളോടു വെളിപ്പെടുത്തി. സംസ്ഥാന– കേന്ദ്ര ഇന്റലിജൻസ് വിഭാഗങ്ങളും ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരിൽ പേരൂർക്കട വില്ലേജിൽ വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വിൽക്കാനാണ് 2023 ജൂൺ 22ന് വഴുതക്കാട് ഡിപിഐ ജംക്‌ഷനു സമീപം ടി.ഉമർ ഷെരീഫുമായി കരാർ ഒപ്പിട്ടത്.
ഇതിൽ 2 സാക്ഷികളിലൊരാൾ ഡിജിപിയാണ്. അസ്സൽ ആധാരം ലഭിക്കാതെ വന്നതോടെ, 26 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഉണ്ടെന്നു മനസ്സിലാക്കി കരാർ ലംഘനം ആരോപിച്ച് പണം തിരികെ ചോദിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നുവെന്ന് ഉമർ ഷെരീഫ് പറയുന്നു. തുടർന്നാണു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാൻ തിരുവനന്തപുരം അഡീഷനൽ സബ് കോടതി മേയ് 25ന് ഉത്തരവിട്ടത്.
കരാർ ഒപ്പിട്ട ദിവസമാണ് ആദ്യ അഡ്വാൻസായി 15 ലക്ഷം രൂപ ബാങ്ക് വഴി നൽകിയതെന്നും വീണ്ടും ആവശ്യപ്പെട്ടതോടെ 4 ദിവസത്തിനു ശേഷം 10 ലക്ഷം രൂപ കൂടി ഇങ്ങനെ നൽകിയെന്നും പരാതിക്കാരൻ പറയുന്നു. മൂന്നാമത് പണം ചോദിച്ചപ്പോൾ 2023 ജൂലൈ ഒന്നിന് ഡിജിപിക്ക് നേരിട്ട് 5 ലക്ഷം രൂപ നൽകിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക ചേംബറിലാണെന്ന ആരോപണവും മുഖ്യമന്ത്രിക്കുള്ള പരാതിയിലുണ്ട്. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം ദർവേഷ് സാഹിബിന് സംസ്ഥാന പൊലീസ് മേധാവിയായി ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു.
തെറ്റൊന്നും ചെയ്തില്ലെന്ന നിലപാടിൽ ഡിജിപി
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു തന്റെ ഭാഗത്തു തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തനിക്കാണു നഷ്ടം സംഭവിച്ചതെന്നുമുള്ള നിലപാടിലാണ് ഡിജിപി എസ്.ദർവേഷ് സാഹിബ്. കൃത്യമായ കരാറോടെയാണ് വിൽപനയിൽ ഏർപ്പെട്ടത്. ഭൂമിക്കു വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്നായിരുന്നു ധാരണ. മൂന്നു മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു. നിയമപരമായി മുന്നോട്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. അടുപ്പമുള്ളവർ വഴിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.