പുരപ്പുറ സൗരോർജം: ഒരു മാസത്തിലേറെയായി കണക്‌ഷൻ ലഭിക്കാതെ അപേക്ഷകർ
Mail This Article
തൃശൂർ ∙ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്കു സംസ്ഥാനത്തു വലിയ സ്വീകാര്യത ലഭിക്കുമ്പോഴും പദ്ധതിയോട് കെഎസ്ഇബിക്കു വിമുഖത. ജൂൺ 6 വരെയുള്ള കണക്കനുസരിച്ചു പദ്ധതിക്കു കീഴിൽ സംസ്ഥാനത്ത് ഇതുവരെ 83,905 അപേക്ഷകരുണ്ട്. അപേക്ഷകരുടെ എണ്ണത്തിൽ സംസ്ഥാനങ്ങളിൽ 6–ാം സ്ഥാനത്താണു കേരളം. ആവശ്യക്കാരേറിയിട്ടും പല ഇലക്ട്രിക്കൽ സെക്‌ഷനുകളും സോളർ നെറ്റ് മീറ്ററുകൾ ലഭ്യമല്ലെന്നും ആവശ്യത്തിനു ജീവനക്കാരില്ലെന്നുമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പദ്ധതി വൈകിപ്പിക്കുന്നു എന്നാണു വ്യാപക പരാതി.
പദ്ധതിക്ക് കീഴിൽ ലക്ഷങ്ങൾ മുടക്കി സോളർ പാനലുകളും ഇൻവർട്ടറുകളും സ്ഥാപിച്ച് ഒരു മാസത്തോളമായി കണക്‌ഷനായി കാത്തിരിക്കുന്നവരുണ്ട്. പദ്ധതിക്കു കീഴിൽ കെഎസ്ഇബിക്ക് ഒരു ചെലവും വരുന്നില്ല. വൈദ്യുതി മിച്ചം വിൽക്കുന്ന (എക്സ്പോർട്ട്) ഉപഭോക്താവിന് യൂണിറ്റിന് 2 രൂപ 69 പൈസ മാത്രമാണു കെഎസ്ഇബി നൽകുന്നത്. അധിക ഉപയോഗത്തിന് ഉപഭോക്താവ് വാങ്ങുന്ന (ഇംപോർട്ട്) വൈദ്യുതിക്കു കെഎസ്ഇബി സ്ലാബ് അനുസരിച്ച് പണം ഈടാക്കുന്നുമുണ്ട്.
തത്വത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സോളർ വൈദ്യുതി കച്ചവടം കെഎസ്ഇബിക്കു ഒരു തരത്തിലും നഷ്ടമുണ്ടാക്കുന്നില്ല. 2.25 ലക്ഷം (3 കിലോവാട്ട്), 3.35 ലക്ഷം (5 കിലോവാട്ട്) മുതൽക്കാണ് പാനലും ഇൻവർട്ടറും ഇൻസ്റ്റലേഷനും അടക്കം സോളർ പ്ലാന്റുകൾക്കു ശരാശരി ചെലവു വരുന്നത്. ഇതിൽ 78,000 രൂപ വരെ സബ്സിഡി ഉണ്ട്. കെഎസ്ഇബി കണക്‌ഷൻ നൽകി മീറ്റർ ഘടിപ്പിച്ചാൽ മാത്രമേ ഈ തുക ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തൂ.
ആവശ്യക്കാർ കൂടുതലുള്ള 5 കിലോവാട്ട് പ്ലാന്റിൽ ചൂടുകാലത്തു പ്രതിദിനം 20 യൂണിറ്റു വരെ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണ് കണക്ക്. ഒരു വീട്ടിൽ ഒന്നര ടണ്ണിന്റെ എസി അടക്കം 12, 13 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ തന്നെ 7,8 യൂണിറ്റ് മിച്ചം പിടിക്കാൻ കഴിയുമെന്ന് സോളർ ഇൻസ്റ്റലേഷൻ ടെക്നിഷ്യൻ പി.ഡി.ഡിന്റോ പറഞ്ഞു.