ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വിഡിയോ റിക്കോർഡിങ് ഇനി മുതൽ നടത്തും. ഇ–സാക്ഷി എന്ന മൊബൈൽ ആപ് വഴി നടത്തുന്ന റിക്കോർഡിങ്ങിലെ ദൃശ്യങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കോടതിക്കും എപ്പോൾ വേണമെങ്കിലും കാണാനാകും. ഇന്നലെ അർധരാത്രി മുതൽ രാജ്യത്തു നടപ്പായ പുതിയ ക്രിമിനൽ, തെളിവു നിയമങ്ങൾ അനുസരിച്ചാണ് നടപടി. 

7 വർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഫൊറൻസിക് പരിശോധന നിർദേശിച്ചിട്ടുണ്ടെങ്കിലും കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഉടനെയുണ്ടാകില്ല. ഫൊറൻസിക് ലാബുകളും സംവിധാനവും മെച്ചപ്പെടുത്താൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതിനാലാണ് സമയം നീട്ടി നൽകിയത്. രണ്ടാമതായി പരിഗണിച്ചിരുന്ന ഡിജിറ്റൽ വിവരങ്ങൾ പുതുക്കിയ നിയമത്തിൽ പ്രധാന തെളിവാകും. ഫോൺ നശിപ്പിക്കപ്പെട്ടാൽ, ദൃശ്യങ്ങളുടെ പകർപ്പാണ് ഹാജരാക്കുന്നതെങ്കിൽ ഇനി അതും പ്രഥമ തെളിവായി പരിഗണിക്കും.

പ്രധാനപ്പെട്ട കേസുകളിൽ മഹസർ രേഖപ്പെടുത്തുന്നത് ഇനി 360 ഡിഗ്രി ലേസർ ക്യാമറയിലായിരിക്കും. വെർച്വൽ റിയാലിറ്റി സാങ്കേതിക സംവിധാനമുള്ള, 25 ലക്ഷം വിലവരുന്ന 20 ക്യാമറകൾ വാങ്ങാൻ കേരള പൊലീസ് കരാർ വിളിച്ചിട്ടുണ്ട്.  ക്യാമറയിൽ കുറ്റകൃത്യം നടന്ന സ്ഥലം മുഴുവൻ പകർത്തുന്നതോടെ, കേസ് പിന്നീട് മറ്റ് ഏജൻസികൾക്ക് അന്വേഷിക്കണമെങ്കിൽ വിശദമായ ദൃശ്യങ്ങൾ അവർക്കും നൽകാനാകും. 

ഒളിവിലായാലും വിചാരണ

കേസുകളുടെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന വ്യവസ്ഥ പുതുക്കിയ നിയമത്തിലുണ്ട്. പ്രതി ഒളിവിലാണെങ്കിൽ കേസ് വിചാരണ നടക്കാതെ മാറ്റിവയ്ക്കുന്ന പതിവ് ഇനിയുണ്ടാകില്ല. വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കും. നിക്ഷേപത്തട്ടിപ്പിൽ ക്രിമിനൽ കേസെടുത്താലും പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പരാതിക്കാർ കോടതിയിൽ പോയി സിവിൽ കേസ് കൊടുക്കേണ്ട രീതിയും മാറും. ക്രിമിനൽ കേസിന്റെ നടപടിക്രമമായി പ്രതിയുടെ സ്വത്ത് കണ്ടുകെട്ടാൻ കഴിയും.  

മലയാളത്തിലും വരും

കൊലപാതകക്കുറ്റം ഐപിസി 302ന് പകരം ഭാരതീയന്യായസംഹിത (ബിഎൻഎസ്) 103 ആകും. അശ്രദ്ധ മൂലമുള്ള മരണം ഐപിസി 304 എയ്ക്ക് പകരം ഇനിമുതൽ ബിഎൻഎസ് 106 ആണ്. ബിഎൻഎസ് മലയാളത്തിലേക്കു മാറ്റുന്ന ആപ് തയാറാക്കുന്ന ജോലികൾ കേരള പൊലീസും തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പുതു നിയമം സംബന്ധിച്ച് പരിശീലനം പൂർത്തിയായി. കേരള പൊലീസിന്റെ സോഫ്റ്റ്‌വെയറായ ഐ–കോപ്സിലും മാറ്റം വരുത്തി. പൊലീസ് ആസ്ഥാനത്ത് ഹെൽപ് ‍ഡെസ്കും തുടങ്ങിയിട്ടുണ്ട്.

English Summary:

Legal reform: new criminal and evidence laws in place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com