ടി.പി കേസ് ശിക്ഷയിളവ്: ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിൽ പൊലീസിൽ അമർഷം
Mail This Article
കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള സർക്കാർ നീക്കം പാളിയതോടെ ബലിയാടാകുന്നത് ജയിൽ, പൊലീസ് ഉദ്യോഗസ്ഥർ. കണ്ണൂർ സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്കു സ്ഥലംമാറ്റി.
ടി.പി കേസ് പ്രതി, സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുന്നോത്തുപറമ്പിലെ ട്രൗസർ മനോജിനു ശിക്ഷയിളവു നൽകുന്നതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ കെ.കെ.രമ എംഎൽഎയെ ഫോണിൽ വിളിച്ചത് ശ്രീജിത്താണ്. പാനൂർ സ്റ്റേഷനിലെ എഎസ്ഐമാരായ പ്രവീൺ, ഷാജു എന്നിവരിൽനിന്ന് അസി. കമ്മിഷണർ മൊഴിയെടുത്തു. പൊലീസിലെ വിവരങ്ങൾ ചോർത്തിയെന്ന കാരണംപറഞ്ഞ് ഇവർക്കെതിരെയും വൈകാതെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
സർക്കാർ നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിൽ ജയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രവീണിന്റെയും ഷാജുവിന്റെയും കോൾലിസ്റ്റ് സൈബർ പൊലീസിൽനിന്ന് എടുപ്പിച്ചിരുന്നു. നിസ്സാരകാര്യങ്ങൾക്ക് കോൾ ലിസ്റ്റ് എടുപ്പിക്കുന്നതിലും പൊലീസിൽ അമർഷമുണ്ട്.