കണ്ണൂർ സഖാക്കളെ ബംഗാളും ത്രിപുരയും ഓർമിപ്പിച്ച് കാരാട്ട്; നേതാക്കൾ സ്വയം അധികാര കേന്ദ്രങ്ങളാകരുതെന്ന് എം.വി.ഗോവിന്ദൻ
Mail This Article
കണ്ണൂർ ∙ ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽനിന്നു പാഠം ഉൾക്കൊണ്ടില്ലെങ്കിൽ തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്ന് കേരളഘടകത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ മുന്നറിയിപ്പ്. വിശേഷിച്ച് ഒന്നും ചെയ്യാതെതന്നെ സിപിഎം കേന്ദ്രങ്ങളിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ കാരണം മനസ്സിലാക്കണം.
അടിസ്ഥാനവിഭാഗങ്ങളെ കൂടെനിർത്താൻ ശ്രമമുണ്ടാകണം. ബലഹീനതകൾ മനസ്സിലാക്കി തിരുത്തണം. തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തിയുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം കേരളത്തിലെ ആദ്യ മേഖലാ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ലോക്കൽ സെക്രട്ടറിമാർ മുതൽ മുകളിലേക്കുള്ള നേതാക്കളാണ് പങ്കെടുത്തത്.
തെറ്റുതിരുത്തിയാൽ മാത്രംപോരാ, അത് ജനത്തിനു ബോധ്യപ്പെടുകയും വേണമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സമിതിയുടെ റിപ്പോർട്ട് അവതരിപ്പിച്ച് പറഞ്ഞു. തിരുത്തലിന് ഓരോ സഖാവും തയാറാകണം. നേതാക്കൾ സ്വയം അധികാര കേന്ദ്രങ്ങളാകരുത്. പാർട്ടിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം മനസ്സിലാക്കാൻ ബൂത്ത്, ബ്രാഞ്ച്തലം മുതൽ പരിശോധന വേണം. എല്ലാവരും സ്വയം വിമർശനത്തിനു തയാറാകണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. വിദ്യാർഥി, യുവജന സംഘടനകളും തിരുത്തലിന് തയാറാകണം.
ബംഗാളും ത്രിപുരയും നൽകുന്ന പാഠം ഉൾക്കൊള്ളണമെന്ന് എം.വി.ഗോവിന്ദനും ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന സമിതി അംഗം പി.ജയരാജൻ എന്നിവർ പങ്കെടുത്തു.