ADVERTISEMENT

കൊച്ചി ∙ ആറു മാസത്തിനിടെ കൊച്ചി നഗര പരിധിയിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ പലരിൽ നിന്നു തട്ടിയത് 25 കോടിയോളം രൂപ. കൊച്ചി സിറ്റി പൊലീസിനു കീഴിലെ പൊലീസ്‌ സ്റ്റേഷനുകളിൽ മാത്രം രണ്ടു മാസത്തിനിടെ 4 കേസുകളിൽ നഷ്ടമായത്‌ 20 കോടിയിലേറെ രൂപയാണ്‌. ഈ കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിനെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ പറഞ്ഞു. 

നാനൂറോളം ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളാണ് ഈ ജനുവരി മുതൽ ജൂൺ വരെ റജിസ്റ്റർ ചെയ്തത്. അതിൽ 40% കേസുകളിൽ പ്രതികളെ പിടികൂടി. പരാതിക്കാർക്കു നഷ്ടമായ തുകയിൽ 30–40 ശതമാനം വീണ്ടെടുത്തു. 

വിദേശ കറൻസി ട്രേഡിങ്‌ ആപ് വഴി ലാഭമുണ്ടാക്കാം എന്നു പറഞ്ഞ്‌ ഇൻഫോ പാർക്കിലെ ഐടി കമ്പനി ഉടമയിൽ നിന്നു തട്ടിയെടുത്തത്‌ 6,93,20,000 രൂപയാണ്. തട്ടിപ്പു കമ്പനി നിർദേശിച്ച 12 അക്കൗണ്ടുകളിലേക്കാണ് 6.93 കോടി നൽകിയത്. 

ഡൽഹി പൊലീസ്‌, സിബിഐ എന്നിവരുടെ പേരു പറഞ്ഞ്‌ പൂണിത്തുറ സ്വദേശിയിൽ നിന്നു തട്ടിയെടുത്തത്‌ 5,99,25,625 രൂപ. സ്‌കൈപ് വിഡിയോ കോളിൽ പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചായിരുന്നു തട്ടിപ്പ്‌. 10 കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണു പൂണിത്തുറ സ്വദേശി പണം കൈമാറിയത്‌. 

കുറിയറിൽ ലഹരിമരുന്നും വ്യാജ പാസ്പോർട്ടും ഉണ്ടെന്നു ഭീഷണിപ്പെടുത്തി ജഡ്‌ജസ്‌ അവന്യുവിലെ 65കാരിയിൽ നിന്നു തട്ടിയത്‌ 5.16 കോടി രൂപയാണ്. മുംബൈ പൊലീസ്‌ ആസ്ഥാനത്തു നിന്ന് എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്‌. ഷെയർ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞ് മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന 60കാരനിൽ നിന്നു തട്ടിയെടുത്തത്‌ 3,37,65,000 രൂപ. 

തട്ടിപ്പു സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രമാക്കിയാണെന്നും ഇവർക്കു രാജ്യാന്തര ബന്ധങ്ങൾ ഇല്ലെന്നും കമ്മിഷണർ പറഞ്ഞു. ചില പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ കേരളത്തിനു പുറത്തെ ശാഖകളിലെ ഏതാനും ഉദ്യോഗസ്ഥരും തട്ടിപ്പുകളുടെ ഭാഗമായിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിനായി നൽകുന്നതിലൂടെയാണിത്. 

ഓൺലൈൻ തട്ടിപ്പിൽ പണം പോയാൽ വിളിക്കൂ 1930

∙ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായെന്നു മനസ്സിലായാൽ ഉടൻ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് ഇടപാടു വിവരങ്ങൾ, അക്കൗണ്ട് നമ്പർ സഹിതം റജിസ്റ്റർ ചെയ്യണമെന്നു കമ്മിഷണർ അറിയിച്ചു. അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്ത പണം മരവിപ്പിക്കും. തുടർ നടപടികളും സ്വീകരിക്കും. പണം ആവശ്യപ്പെട്ട് വ്യക്തികളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ കിട്ടിയാൽ അതു തട്ടിപ്പാണെന്നു തിരിച്ചറിയണം. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും പല ഷെയർ, വിദേശ കറൻസി വ്യാപാരങ്ങൾ, ക്രിപ്റ്റോ ആപ്പുകളുടെ ലിങ്കുകൾ പങ്കുവച്ചുമാണു തട്ടിപ്പു നടത്തുന്നത്. ഇത്തരം ലിങ്കുകൾ, വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ എന്നിവ ശ്രദ്ധിക്കണം. ബോധവൽക്കരണത്തിന് ഹ്രസ്വ വിഡിയോ ഉൾപ്പെടെ പൊലീസ് തയാറാക്കിയെന്നും ഡിസിപി കെ.എസ്‌.സുദർശൻ പറഞ്ഞു. 

English Summary:

Twenty five crores stolen from Kochi in six months on Online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com