6000 രൂപ കൈക്കൂലിയുമായി എൻജിനീയർ അറസ്റ്റിൽ; കാറിൽ കണ്ടെത്തിയത് 50,000
Mail This Article
തൃശൂർ ∙ കരാറുകാരനിൽ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങിയതിനു വിജിലൻസിന്റെ പിടിയിലായ എൻജിനീയറുടെ കാർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 50,000 രൂപയുടെ കൈക്കൂലിപ്പണം. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആന്റണി എം. വട്ടോളി ആണ് അറസ്റ്റിലായത്. ആന്റണിയുടെ കാറിൽ നിന്നു കണ്ടെത്തിയതു മറ്റൊരു കരാറുകാരനിൽ നിന്നു വാങ്ങിയ തുകയാണെന്നാണു പ്രാഥമിക നിഗമനം.
നിർമാണ ജോലികളുടെ കരാർ തുകയുടെ 2% ആന്റണി കൈക്കൂലിയായി ഈടാക്കിയിരുന്നുവെന്നു കരാറുകാർ വിജിലൻസിനെ അറിയിച്ചിട്ടുണ്ട്. അളഗപ്പനഗർ പഞ്ചായത്തിലെ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരനാണു പരാതിക്കാരൻ. കോൺവന്റ് റോഡിലെ ഓട നിർമാണത്തിനായി പരാതിക്കാരൻ കരാറേറ്റെടുത്തിരുന്നു. അവസാനഘട്ട നിർമാണത്തിനു ചെലവായ 3,21,911 രൂപയുടെ ബിൽ അസി. എൻജിനീയർക്കു പരാതിക്കാരൻ കൈമാറി. എന്നാൽ, ബിൽ മാറി നൽകാൻ 6000 രൂപ കൈക്കൂലി നൽകണമെന്ന് ആന്റണി എം. വട്ടോളി കരാറുകാരനെ ഫോണിൽ വിളിച്ചറിയിച്ചു.
ഇതോടെ പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. ഡിവൈഎസ്പി കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൈമാറിയ നോട്ടുകളാണു പരാതിക്കാരൻ 2.30ന് ഓഫിസിലെത്തി ആന്റണിക്കു നൽകിയത്. കൈക്കൂലിയായി ലഭിക്കുന്ന പണം കാറിലാണ് ആന്റണി സൂക്ഷിക്കാറുള്ളതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടി തുറന്നു പരിശോധിച്ചപ്പോൾ 50,000 രൂപ കൂടി ലഭിച്ചു.
സമയബന്ധിതമായി നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിൽ പിഴവു വരുത്തുന്നുവെന്ന പരാതിയും ആന്റണിക്കെതിരെയുണ്ട്. ഇൻസ്പെക്ടർമാരായ ഇഗ്നേഷ്യസ്, ജയേഷ് ബാലൻ, സെപ്റ്റോ ജോൺ, എസ്ഐമാരായ രാജൻ, സി.കെ. ജയകുമാർ, ബൈജു, ഇ.കെ. ജയകുമാർ, സുദർശനൻ, കമൽദാസ് തുടങ്ങിയവരുൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.