പ്ലസ്ടു പരീക്ഷയിൽ മാർക്ക് വെട്ടൽ: മന്ത്രി റിപ്പോർട്ട് തേടി
Mail This Article
തിരുവനന്തപുരം∙ പ്ലസ്ടു പരീക്ഷയിൽ കുട്ടികൾക്ക് അർഹമായ മാർക്ക് വെട്ടിക്കുറച്ചുള്ള ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ വിചിത്രമായ നടപടിയിൽ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി. പരീക്ഷാ വിഭാഗം സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞെന്നും വിശദമായ അന്വേഷണ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അർഹമായ മാർക്ക് കണക്കുകൂട്ടലിലെ പിഴവുമൂലം നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് ആ മാർക്ക് തിരികെ നൽകിയെങ്കിലും പകരം പ്രാക്ടിക്കൽ പരീക്ഷയിൽനിന്ന് അത്രയും മാർക്ക് ഒരു അടിസ്ഥാനവുമില്ലാതെ അധികൃതർ വെട്ടിക്കളഞ്ഞതാണ് മനോരമ പുറത്തുകൊണ്ടുവന്നത്.
‘തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ റിപ്പോർട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. ടാബുലേഷൻ പിഴവുതന്നെ സംഭവിക്കാൻ പാടില്ലാത്തതാണ്. അതു തിരുത്തിയ ഘട്ടത്തിൽ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് വെട്ടിക്കുറച്ചെന്നതു ഗൗരവത്തോടെയാണ് കാണുന്നത്’– മന്ത്രി വ്യക്തമാക്കി.
പെരുമ്പാവൂർ വളയൻചിറങ്ങര ഗവ.എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന അംജിത് അനൂപ്, മൂവാറ്റുപുഴ കല്ലൂർകാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന ആഷിൻ ജോയിസ് എന്നീ വിദ്യാർഥികളാണ് അധികൃതരുടെ അന്യായമായ മാർക്ക് വെട്ടലിന് ഇരകളായത്. അംജിത്തിന് ഫിസിക്സ് പരീക്ഷയിൽ എഴും ആഷിന് ബയോളജി പരീക്ഷയിൽ എട്ടും മാർക്കാണ് നഷ്ടപ്പെട്ടത്.
ഉത്തരവാദികളെ ന്യായീകരിക്കുന്ന വിശദീകരണമാണ് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം അധികൃതർ മന്ത്രിക്കു നൽകിയതെന്നാണു വിവരം. തുടർന്നാണു പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയത്.