വിമർശിച്ച ശേഷം പാർട്ടിവിട്ടു; പിന്നാലെ ജോലിയിൽനിന്ന് സസ്പെൻഷൻ
Mail This Article
ഏനാത്ത് (പത്തനംതിട്ട) ∙ സിപിഎമ്മിനെ വിമർശിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട് പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറിയെ സഹകരണ സംഘത്തിലെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. കിഴക്കുപുറം സ്വദേശി അരുൺ കുമാറിനെതിരെയാണ് നടപടി. ബാങ്ക് ഭരണ സമിതി യോഗത്തിൽ പ്രശ്നമുണ്ടാക്കി എന്നതാണു കാരണമായി പറയുന്നത്.
എന്നാൽ പാർട്ടി വിട്ടതിന്റെ പ്രതികാരമാണ് നടപടിയെന്ന് ഏനാത്ത് മുൻ ലോക്കൽ സെക്രട്ടറി അരുൺ ആരോപിച്ചു. ഫെയ്സ്ബുക്കിൽ വിമർശനം ഉന്നയിക്കുന്ന സമയം അരുൺ ഏനാത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഏനാത്തെ പാർട്ടിക്കുള്ളിലെയും സഹകരണ സംഘങ്ങളിലെയും അഴിമതിയും പ്രവർത്തന പോരായ്മകളും ജില്ലാ ഭാരവാഹികളെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സിപിഎം വിടുന്നെന്നായിരുന്നു കഴിഞ്ഞ മാസത്തെ ഫെയ്സ്ബുക് കുറിപ്പ്. ‘അഴിമതി ചെയ്യുന്നവർക്ക് സംരക്ഷണം നൽകുന്ന നേതാക്കളോടൊപ്പം ഇനി വയ്യ. പതിമൂന്നാം വയസ്സിൽ തുടങ്ങിയ സിപിഎം ബന്ധം ഉപേക്ഷിക്കുന്നു’ എന്നും കുറിപ്പിലുണ്ടായിരുന്നു. ഇതിനു പിന്നാലെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് അരുണിനെ പുറത്താക്കി.
തുടർന്നാണ് ഏനാത്ത് റീജനൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ അറ്റൻഡറായിരുന്ന അരുൺ കുമാറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 29ന് നടന്ന ഭരണസമിതി യോഗത്തിൽ അംഗങ്ങൾക്കെതിരെ അപമര്യാദയായി പെരുമാറുകയും ബാങ്കിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്ന വിധത്തിൽ പെരുമാറുകയും ചെയ്തതായി ബോധ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നെന്നാണ് ബാങ്ക് പ്രസിഡന്റിന്റെ പേരിൽ ലഭിച്ച കത്തിലെ പരാമർശം.