ADVERTISEMENT

കോട്ടയം ∙ ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായും ഇവരിൽ ആത്മഹത്യാപ്രവണത വർധിക്കുന്നതായും ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. ആവശ്യമുള്ള ജീവനക്കാർക്കു കൗൺസലിങ് നൽകാനും തീരുമാനം. 

പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയും ജോലിയിൽ പ്രവേശിച്ചവർ അധികം കഴിയും മുൻപ് കൊഴിഞ്ഞു പോകുന്നതും മറ്റു വകുപ്പുകളിലേക്കു ചേക്കേറാനുള്ള മത്സരവും വർധിച്ചതോടെയാണു മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കൗൺസലിങ് നൽകാൻ തീരുമാനമായത്. വെൽഫെയർ ഓഫിസർമാരായിരിക്കും കൗൺസലിങ് നൽകുക. കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നു സഹപ്രവർത്തകർക്കു ബോധ്യമാവുന്ന ആളിന് അദ്ദേഹം ആവശ്യപ്പെടാതെ തന്നെ കൗൺസലിങ് നൽകും. അല്ലാത്തവർ സ്വമേധയാ വെൽഫെയർ ഓഫിസറെ സമീപിക്കണം. ഇതിനായി 13 വെൽഫെയർ ഓഫിസർമാരെ ഉൾപ്പെടുത്തി പാനൽ തയാറാക്കിയിട്ടുണ്ട്. 

സെൻട്രൽ ജയിലുകളിലെ ജീവനക്കാരാണു കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നതെന്നാണു കരുതുന്നത്. സംസ്ഥാനത്തെ മിക്ക ജയിലുകളിലും ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം തടവുപുള്ളികളെ പാർപ്പിച്ചിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ സമ്മർദവും തടവുപുള്ളികളുടെ ഭീഷണിയുമൊക്കെ ഇവർ നേരിടുന്നുണ്ട്. ഇവരിലെ മാനസിക സമ്മർദം കുറയ്ക്കാൻ മറ്റു സേനാ വിഭാഗങ്ങളിൽ നടത്തിവരുന്ന തരത്തിൽ കായിക മത്സരങ്ങൾ വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഇതു മാത്രം പോരാ എന്നു കണ്ടാണു കൗൺസലിങ് നടത്താനുള്ള തീരുമാനം. 

English Summary:

prison department found out that officers of prison department are suffering mental stress and increasing suicide tendency among them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com