എൽപിജി ബയോമെട്രിക് മസ്റ്ററിങ്: തിരക്കുകൂട്ടേണ്ടെന്ന് പെട്രോളിയം മന്ത്രാലയം
Mail This Article
കൊച്ചി ∙ എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്കുകൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ലെങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം. ഓൺലൈൻ അപ്ഡേഷന് കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാർ ഫെയ്സ് ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം. സംശയപരിഹാരത്തിനുള്ള ടോൾഫ്രീ നമ്പർ: 1800 2333555.
സംശയങ്ങളും ഉത്തരവും:
∙ വെബ്സൈറ്റ് വഴി ഇ–കെവൈസി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ?
ആപ്പുകൾ വഴി ചെയ്യണം. ഇന്ത്യൻ ഓയിൽ വൺ ആപ്, ഹെലോ ബിപിസിഎൽ, എച്ച്പി പേ എന്നിവയാണ് പൊതുമേഖലാ കമ്പനികളുടെ ആപ്പുകൾ.
∙ ഉടമ മരിച്ചാൽ എൽപിജി കണക്‌ഷൻ മറ്റൊരാളുടെ പേരിലേക്ക് എങ്ങനെ മാറ്റാം?
അംഗീകൃത രേഖകൾ സമർപ്പിച്ചു കണക്‌ഷൻ മാറ്റാം. ഇത് ഏജൻസി വഴിയാണു ചെയ്യേണ്ടത്.
∙ എൽപിജി ബുക്കിങ് വിലാസം ആധാറിലേതിൽനിന്നു വ്യത്യസ്തമാണെങ്കിൽ പ്രശ്നമുണ്ടോ?
പ്രശ്നമില്ല.
∙ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പർ മാറിയാൽ എന്തു ചെയ്യണം?
ഏജൻസിയെ സമീപിച്ച് ഫോൺ നമ്പർ മാറ്റാം.
∙ അപ്ഡേഷൻ സേവനങ്ങൾക്കു ഫീസ് ഈടാക്കുമോ?
ഇല്ല. എല്ലാ സേവനങ്ങളും സൗജന്യമാണ്.