ADVERTISEMENT

കൂത്തുപറമ്പ് (കണ്ണൂർ) ∙ സർക്കാർ സ്കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ശുചിമുറി പണിതുതുടങ്ങിയത് 12 കിലോമീറ്റർ അകലെ അതേപേരിലുള്ള എയ്ഡഡ് സ്കൂളിൽ. മമ്പറം ഹയർസെക്കൻഡറി സ്കൂൾ എന്ന പേര് ചതിച്ചപ്പോൾ കരാറുകാരൻ സർക്കാർ സ്കൂളിൽ പുതിയ ശുചിമുറി നിർമിച്ചു നൽകേണ്ടിവന്നു. കണ്ണൂർ - കൂത്തുപറമ്പ് റോഡിൽ വേങ്ങാട് പഞ്ചായത്തിലെ മമ്പറത്തുള്ള മമ്പറം ഹയർസെക്കൻഡറി സ്കൂളും കൂത്തുപറമ്പ് - പേരാവൂർ റോഡിൽ മാങ്ങാട്ടിടം പഞ്ചായത്തിലെ വട്ടപ്പാറയ്ക്കു സമീപം ആയിത്തറയിലുള്ള മമ്പറം ഗവ.ഹയർസെക്കൻഡറി സ്കൂളുമാണ് വിദ്യാഭ്യാസവകുപ്പിന്റെ ഇരട്ടക്കുട്ടികൾ.

പേരിലെ സമാനത മുൻപും പൊല്ലാപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. മമ്പറം ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായി ചേരേണ്ട യുവതി എത്തിയത് മമ്പറം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ. പിഎസ്‌സി പരീക്ഷയ്ക്ക് മമ്പറം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എത്തേണ്ടവർ മമ്പറം ടൗണിൽ ബസിറങ്ങി ഓട്ടോ വിളിച്ച് സ്കൂളിൽ എത്തുമ്പോഴാണ് സെന്റർ മാറിയ വിവരം അറിയുക. പിന്നീട് 12 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ എത്താൻ സമയമില്ലാതെ കണ്ണീരോടെ മടങ്ങിയ സംഭവങ്ങളേറെ. കത്തുകളും മറ്റും മേൽവിലാസം മാറി എത്തുന്നതും പതിവ്. ഹയർസെക്കൻഡറി പ്രവേശനത്തിന് ഏകജാലകത്തിൽ ഓപ്ഷൻ നൽകുന്ന വിദ്യാർഥികൾക്കും പലപ്പോഴും സ്കൂളുകൾ മാറിപ്പോകാറുണ്ട്.

ആയിത്തറയിലെ മമ്പറം ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പേര് ആയിത്തറ മമ്പറം ഗവ.ഹയർസെക്കൻഡറി സ്കൂളെന്നു മാറ്റിയാൽ പ്രശ്നം പരിഹരിക്കാമെന്നാണു നാട്ടുകാർ പറയുന്നത്.

English Summary:

Two schools of same name creates confusion for government and people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com