പന്തീരാങ്കാവിൽ നവവധുവിന് മർദനം: കുറ്റപത്രം സമർപ്പിച്ചു
Mail This Article
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് രാഹുൽ പി.ഗോപാൽ ഉൾപ്പെടെ 5 പേർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ സജു കെ.ഏബ്രഹാം കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി രാഹുലിനെതിരെ കൊലപാതക ശ്രമത്തിനും രണ്ടാം പ്രതിയും രാഹുലിന്റെ അമ്മയുമായ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷാകുമാരി, മൂന്നാം പ്രതിയും രാഹുലിന്റെ സഹോദരിയുമായ കാർത്തിക എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനും സീനിയർ പൊലീസ് ഓഫിസർ കെ.ടി.ശരത് ലാൽ, ഒന്നാം പ്രതിയുടെ സുഹൃത്തും ഡ്രൈവറുമായ മാങ്കാവ് കൊമ്മേരി കച്ചേരിക്കുന്നു സ്വദേശി രാജേഷ് എന്നിവർക്കെതിരെ ഒന്നാം പ്രതിക്കു സഹായം ചെയ്തെന്ന വകുപ്പുകളിലുമാണു കുറ്റപത്രം. ഒന്നാം പ്രതി രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇയാൾ മറ്റൊരു വിവാഹം കഴിച്ചതായും സൂചിപ്പിച്ചിട്ടുണ്ട്. 1,112 പേജുള്ള കുറ്റപത്രം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (3) യിൽ ഇന്നലെയാണു സമർപ്പിച്ചത്. കഴിഞ്ഞ മേയ് 5ന് വിവാഹിതരായ ശേഷം 13ന് ഭർതൃവീട്ടിലെ ചടങ്ങിനെത്തിയപ്പോഴാണു യുവതിയുടെ ശരീരത്തിലെ പരുക്കുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെയാണ് അവർ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഗാർഹിക പീഡനത്തിനു മാത്രം കേസെടുത്ത പൊലീസിനെതിരെ യുവതിയും ബന്ധുക്കളും ആരോപണം ഉന്നയിച്ചതോടെ ഇൻസ്പെക്ടർ എ.എസ്.സരിനെ ഐജി കെ.സേതുരാമൻ സസ്പെൻഡ് ചെയ്തു. അന്വേഷണം സജു കെ.ഏബ്രഹാമിനു കൈമാറി. പിന്നീടാണ്, രാഹുലിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തത്. പ്രതിക്കു രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയെന്നതിനാണു ശരത് ലാൽ, രാജേഷ് എന്നിവർക്കെതിരെ കേസെടുത്തത്. രാഹുൽ ഒഴികെ മറ്റു 4 പ്രതികളെയും ഒരു മാസത്തിനിടയിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാഹുൽ വിദേശത്തേക്കു കടന്നെന്ന കണ്ടെത്തലിൽ ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലൂ കോർണർ നോട്ടിസ് നടപടി പൂർത്തിയാക്കി. പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു യുവതി കോടതി മുൻപാകെ രഹസ്യ മൊഴി നൽകി.
അന്വേഷണത്തിനിടെ, വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണു രാഹുലിനെതിരെ പീഡന പരാതി നൽകിയതെന്നു യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. എന്നാൽ, രാഹുലിന്റെ ഭീഷണിയെ തുടർന്നാണ് ഇത്തരത്തിൽ മൊഴി മാറ്റിയതെന്നും മകളെ തടങ്കലിൽ വച്ചെന്നും പിതാവ് എറണാകുളം വടക്കേക്കര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ യുവതിയെ ഡൽഹിയിൽ നിന്നു പൊലീസ് എറണാകുളത്തെത്തിച്ചു കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി. യുവതി സുഹൃത്തുക്കൾക്കൊപ്പം പോകാൻ താൽപര്യം അറിയിച്ചതിനെ തുടർന്നു കോടതി വിട്ടയച്ചു.