കോളജുകളിലെ പരിപാടി: തീരുമാനം പ്രിൻസിപ്പലിന്റേതെന്ന് െഹെക്കോടതി
Mail This Article
കൊച്ചി ∙ കോളജിലെ ചടങ്ങുകളിൽ പുറത്തുനിന്നുള്ള പ്രഫഷനൽ സംഘങ്ങളും മറ്റും സംഗീത, കലാ പരിപാടികൾ നടത്തുന്നത് അനുവദിക്കണമോയെന്നു പ്രിൻസിപ്പൽമാർക്കു തീരുമാനിക്കാം. 5 ദിവസം മുൻപ് അറിയിച്ചാൽ ക്യാംപസിലും പുറത്തും ഇത്തരം പരിപാടികൾക്ക് അനുമതി നൽകാൻ പ്രിൻസിപ്പൽമാരെ നിർബന്ധിതരാക്കുന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, വിവേചനാധികാരം ഉപയോഗിച്ച് ഉപാധികളോടെ അനുമതി നൽകുന്നതിൽ സ്ഥാപന മേധാവികളെ വിലക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.
പുറത്തുനിന്നുള്ളവരുടെ പരിപാടി വിലക്കണമെന്നും സർക്കാർ ഉത്തരവിലെ വിവാദ വ്യവസ്ഥ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് പ്രിൻസിപ്പൽസ് ഓഫ് കോളജസ് ഇൻ കേരള സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചാണു ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ ഉത്തരവ്. 5 ദിവസം മുൻപു പ്രിൻസിപ്പൽമാരെ അറിയിച്ചാൽ മതിയെന്ന സ്ഥിതി വന്നാൽ, പരിപാടി സംഘടിപ്പിക്കാനും ഫണ്ട് പിരിക്കാനുമുള്ള അവകാശം വിദ്യാർഥികൾക്കു ലഭിക്കുമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. പലവിധ ആക്ഷേപങ്ങൾക്ക് ഇത് ഇടയാക്കും. പുറത്തുനിന്നുള്ളവരും എത്തിയാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശേഷി പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും ഉണ്ടാകില്ല.
പുറത്തുനിന്നുള്ളവരുടെ പരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തി 2015 ലും 2016 ലും സർക്കാർ ഉത്തരവുണ്ട്. കുസാറ്റിൽ സംഗീതപരിപാടിക്ക് എത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു 4 പേർ മരിച്ച സാഹചര്യത്തിൽ വിലക്കു കർശനമാക്കുന്നതിനു പകരം വെള്ളംചേർക്കുകയാണു സർക്കാർ ചെയ്തത്. ഇൻസ്റ്റിറ്റ്യൂഷൻ റിസ്ക് മാനേജ്മെന്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് പ്രിൻസിപ്പൽമാർ അനുമതി നൽകണമെന്നാണു പുതിയ വ്യവസ്ഥ. അനുമതി നൽകാൻ നിർബന്ധിതമാക്കുന്ന ഈ വ്യവസ്ഥ സ്വേച്ഛാപരമാണ്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലേതുപോലെ, അനുമതി നിഷേധിച്ചാൽ സ്ഥാപനത്തിനും പ്രിൻസിപ്പലിനും ദുഷ്പേരാകും ഫലം. പഠന, അനുബന്ധ പരിപാടികൾ മാത്രം ക്യാംപസിൽ അനുവദിക്കണമെന്ന് ഹർജിക്കാർക്കായി ബേബി ഐസക് ഇല്ലിക്കൽ വാദിച്ചു.