വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ സ്വയം വിരമിക്കുന്നു
Mail This Article
തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടർ ഡിജിപി ടി.കെ.വിനോദ് കുമാറിനു സ്വയം വിരമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. ഓഗസ്റ്റ് 11ന് 30 വർഷത്തെ സർവീസ് പൂർത്തിയാകും വരെ അദ്ദേഹം ജോലിയിൽ തുടരും. യുഎസിൽ അധ്യാപകനായി പോകാനാണ് അദ്ദേഹം ഒരു വർഷത്തെ സർവീസ് കൂടി ബാക്കി നിൽക്കെ പടിയിറങ്ങുന്നത്. 2025 ഓഗസ്റ്റ് വരെ സർവീസുണ്ട്. 2023 ജൂലൈയിലാണു ഡിജിപി തസ്തികയിൽ സ്ഥാനക്കയറ്റം നൽകി അദ്ദേഹത്തെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. മുൻപ് അവധിയെടുത്ത് അമേരിക്കയിൽ പോയി അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.
വിനോദ് കുമാർ വിരമിക്കുന്നതോടെ ബവ്കോ എംഡി എഡിജിപി യോഗേഷ് ഗുപ്തയ്ക്കു ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ഇദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിലാണ്. അതിനാൽ ഡൽഹിയിലേക്കു ഡപ്യൂട്ടേഷന് അദ്ദേഹം അപേക്ഷ നൽകിയിരിക്കുകയാണ്. പുതിയ വിജിലൻസ് ഡയറക്ടറെയും നിയമിക്കണം. നിലവിൽ സംസ്ഥാനത്തെ സീനിയർ ഡിജിപി അഗ്നിരക്ഷാ സേനാ മേധാവി കെ.പത്മകുമാറാണ്.
അദ്ദേഹത്തെ വിജിലൻസ് ഡയറക്ടറാക്കിയില്ലെങ്കിൽ സർക്കാരിനു താൽപര്യമുള്ള ഏതെങ്കിലും എഡിജിപിയെ വിജിലൻസ് ഡയറക്ടർ ‘ഇൻ ചാർജ്’ ആക്കും. നിലവിൽ സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ എന്നിവ ഡിജിപി കേഡർ തസ്തികകളാണ്.
സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന് ഒരു വർഷത്തെ കാലാവധി ദീർഘിപ്പിച്ചു നൽകിയത് അടുത്തിടെയാണ്. അടുത്ത വർഷം ജൂലൈയിലാണ് അദ്ദേഹം വിരമിക്കുന്നത്. അതിനാൽ സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള കെ.പത്മകുമാറിന്റെയും ടി.കെ.വിനോദ് കുമാറിന്റെയും സാധ്യത അടഞ്ഞിരുന്നു.