സി–ഡിറ്റ് ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി
Mail This Article
തിരുവനന്തപുരം ∙ സി–ഡിറ്റ് ഡയറക്ടർ ജി.ജയരാജിന് സർവീസ് കാലാവധി നീട്ടിനൽകി. ഡയറക്ടറുടെ പ്രവർത്തനമികവ് പരിശോധിച്ചു കാലാവധി നീട്ടി നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷേ ഇൗ വിലയിരുത്തൽ ആരു നടത്തിയെന്നോ റിപ്പോർട്ട് എന്തെന്നോ വ്യക്തമല്ലെന്നാണ് വീണ്ടും ഉയരുന്ന ആരോപണം. രണ്ടാം തവണയാണു കാലാവധി നീട്ടുന്നത്.
ജി.ജയരാജിൻെറ നിയമനം നേരത്തേ വിവാദത്തിലായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമയുടെ ഭർത്താവായ ജയരാജിന് സി-ഡിറ്റ് റജിസ്ട്രാർ ആയി വിരമിച്ച ശേഷവും കാലാവധി നീട്ടിനൽകിയിരുന്നു. ഇടതുസംഘടന വരെ എതിർത്തിട്ടും സർക്കാർ അനങ്ങിയില്ല. ഈ കാലയളവിൽ, ഐഎഎസുമാർ മാത്രം വഹിച്ചിരുന്ന സി-ഡിറ്റ് ഡയറക്ടറുടെ യോഗ്യത തിരുത്തിയെഴുതി പുതിയ ശുപാർശ സമർപ്പിച്ചു. ജയരാജ് തന്നെയായിരുന്നു ഇതിനു പിന്നിലെന്നാണു സംഘടനകൾ ആരോപണമുന്നയിച്ചത്. നിയമനം നേടാൻ സ്വന്തം യോഗ്യതകളനുസരിച്ച് പുതിയ ശുപാർശ തയാറാക്കിയെന്നും ആക്ഷേപമുണ്ടായി. ഈ ശുപാർശ സർക്കാർ അംഗീകരിക്കുകയും ചെയ്തു.
ജയരാജിനെ ഡയറക്ടറായി സർക്കാർ നിയമിച്ചെങ്കിലും നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഡിവിഷൻ ബെഞ്ച് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയതോടെ ജയരാജ് വീണ്ടും ഡയറക്ടറായി.