ADVERTISEMENT

തിരുവനന്തപുരം ∙ പ്രതീക്ഷിച്ചതിനെക്കാൾ 17 വർഷം മുൻപു വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുമെന്നും 2028 ൽ 4 ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി അനുമതി ഉൾപ്പെടെയുള്ളവ ലഭിച്ചാൽ ഈ വർഷം ഒക്ടോബറിൽ തന്നെ അടുത്ത ഘട്ടങ്ങളുടെ നിർമാണം തുടങ്ങുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകളുമായി എത്തിയ ആദ്യ മദർഷിപ് ‘സാൻ ഫെർണാണ്ടോ’യ്ക്കു സ്വീകരണം നൽകുന്ന സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രഖ്യാപനം. ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നത് പ്രതിവർഷം 10 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണെങ്കിലും 15 ലക്ഷം ടിഇയു വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും കരൺ പറഞ്ഞു.

നിലവിലെ കരാർ പ്രകാരം 2045 ൽ ആണ് 4 ഘട്ടങ്ങളായി പദ്ധതി പൂർത്തിയാകേണ്ടത്. 2028–29 ൽ പദ്ധതി പൂർത്തിയാക്കുന്നതിന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിടുമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതോടെ സംസ്ഥാന സർക്കാരിന്റെയും അദാനി വിഴിഞ്ഞം പോർട്ടിന്റെയും ആകെ നിക്ഷേപം 20,000 കോടി കവിയും.

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷത്തു നിന്ന് കോവളം എംഎൽഎ എം.വിൻസന്റ് മാത്രമാണു പങ്കെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖത്തിനായി ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പരാമർശിച്ചില്ല. എന്നാൽ, കരൺ അദാനി ഉൾപ്പെടെയുള്ളവർ ഉമ്മൻ ചാണ്ടിയുടെ പേരു പരാമർശിച്ചു. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനായിരുന്നു.

5500 തൊഴിലവസരങ്ങൾ; പകുതി വിഴിഞ്ഞത്തിന്

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു നേരിട്ടും പരോക്ഷമായും സൃഷ്ടിക്കപ്പെടുന്ന 5500 തൊഴിലവസരങ്ങളിൽ പകുതിയോളം വിഴിഞ്ഞം പദ്ധതി മേഖലയിലുള്ളവർക്കു ലഭ്യമാക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിനു കീഴിലെ ‘അസാപ്’ , അദാനി സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ പരിശീലന സ്ഥാപനം തുടങ്ങിയിട്ടുണ്ട്.

English Summary:

Vizhinjam project will be completed before date says Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com