ADVERTISEMENT

പത്തനംതിട്ട ∙ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിലെത്തിയ വധശ്രമക്കേസ് പ്രതി സുധീഷ് 2021ൽ എൽഡിഎഫ് പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതി. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് അന്ന് ബിജെപി പ്രവർത്തകനായിരുന്ന സുധീഷ്. 

എൽഡിഎഫ് പ്രവർത്തകരായ 3 പേരെ 2021 ഏപ്രിൽ 4ന് വൈകിട്ട് 5 ബിജെപി പ്രവർത്തകർ രാഷ്ട്രീയവിരോധം മൂലം ആക്രമിച്ചെന്നാണു പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസ്. വെട്ടിപ്പുറം ജംക്‌ഷനിൽ വച്ച് വാൾ, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുധീഷ് എൽഡിഎഫ് പ്രവർത്തകന്റെ തലയ്ക്കു നേരെ വാൾ വീശിയെന്നും എഫ്ഐആറിലുണ്ട്. 3 എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ നാലാം പ്രതിയുമാണ് സുധീഷ്.

ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ, കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്നവരെ ന്യായീകരിക്കുന്ന നിലപാടാണുണ്ടായത്. എന്നാൽ മതിയായ ആലോചനകളില്ലാതെയാണ് മലയാലപ്പുഴയിലെ ബിജെപി പ്രവർത്തകരെ സിപിഎമ്മിലെടുത്തതെന്ന് ചില പാർട്ടി അനുഭാവികൾ വിമർശനമുയർ‌ത്തുന്നു.

‌സംസ്ഥാന വ്യാപകമായി സിപിഎം തിരുത്തൽ നടപടികൾക്കു പ്രാധാന്യം കൊടുക്കുമ്പോൾ ജില്ലയിലെ സംഭവങ്ങൾ കല്ലുകടിയാകുന്നെന്നും ആക്ഷേപമുണ്ട്. മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും പങ്കെടുത്ത പരിപാടിയിലാണ് ഇവർ അംഗത്വം സ്വീകരിച്ചതെന്നതിനാൽ ആരും ഇതുവരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല.

English Summary:

Youth who joined CPM is primary accused in the case of assaulting LDF workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com