ബിജെപി മുൻ കൗൺസിലറുടെ വീടിനു നേരെ ആക്രമണം: യുവമോർച്ച നേതാവ് അറസ്റ്റിൽ
Mail This Article
പാലക്കാട് ∙ ബിജെപി മുൻ നഗരസഭാംഗം എസ്.പി.അച്യുതാനന്ദൻ താമസിക്കുന്ന വീട് ആക്രമിച്ച കേസിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പിടിയിലായവരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകരുമുണ്ട്. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും മണലി സ്വദേശിയുമായ ആർ. രാഹുൽ (22), കൂട്ടാളികളായ കല്ലേപ്പുള്ളി സ്വദേശി അജീഷ്കുമാർ (26), തേങ്കുറുശ്ശി സ്വദേശികളായ അജീഷ് (22), സീനാപ്രസാദ് (25), അനുജിൽ (25) എന്നിവരാണ് അറസ്റ്റിലായത്.
അജീഷും സീനാപ്രസാദും ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണു പൊലീസിനു ലഭിച്ച വിവരം. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് അച്യുതാനന്ദൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അനുയായിയായ അച്യുതാനന്ദൻ അവരുടെ പ്രസംഗം പതിവായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനെതിരെ ബിജെപിയുടെ പ്രധാന നേതാവടക്കം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ നേതാവിനെക്കുറിച്ചുള്ള ചില പോസ്റ്റുകൾക്കു താഴെ അച്യുതാനന്ദൻ പ്രകോപനപരമായ കമന്റുകൾ ഇട്ടിരുന്നതായി മറുപക്ഷം ആരോപിക്കുന്നു.
ജൂലൈ 10നു രാത്രി 11.45നാണ് കുന്നത്തൂർമേട് എ.ആർ.മേനോൻ കോളനിയിൽ അച്യുതാനന്ദൻ താമസിക്കുന്ന വീടിനു നേരെ കാറിലും ബൈക്കിലുമായി എത്തിയ സംഘം ബീയർ കുപ്പി എറിഞ്ഞ് ആക്രമണം നടത്തിയത്. വീടിന്റെയും കാറിന്റെയും ജനൽചില്ലുകൾ തകർന്നിരുന്നു. മുൻപും അച്യുതാനന്ദൻ താമസിക്കുന്ന വീടിനു നേരെ ആക്രമണം നടന്നിരുന്നു. വീടാക്രമണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജാമ്യത്തിൽ വിട്ടു. പ്രതികളെത്തിയ കാറും ബൈക്കും കോടതിയിൽ ഹാജരാക്കി.