കാണേണ്ടവർ കണ്ണടച്ചു; ജോയിക്ക് മരണം, രവിക്ക് ജീവന്മരണ പോരാട്ടം
Mail This Article
കുറ്റകരമായ അനാസ്ഥയുടെ രണ്ടിരകൾ... എല്ലാവരും കണ്ടുനിൽക്കെ മാലിന്യക്കാനയിൽ കുടുങ്ങിപ്പോയ തൊഴിലാളിയുടെ മൃതദേഹം 46 മണിക്കൂറിനു ശേഷം ജീർണിച്ചു പൊന്തിയപ്പോൾ, അവിടെനിന്ന് 6 കിലോമീറ്റർ മാത്രം അകലെ ഗവ. മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ 42 മണിക്കൂർ കുടുങ്ങിയ രോഗി ജീവിതത്തിലേക്കു മടങ്ങിയെത്തിയതു ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ടു മാത്രം. ഭരണസംവിധാനങ്ങളെ ലജ്ജിപ്പിക്കേണ്ട രണ്ടു സംഭവങ്ങളും തലസ്ഥാന നഗരത്തിൽ അരങ്ങേറിയത് ഏതാണ്ട് ഒരേ സമയപരിധിയിൽ.
-
Also Read
പഴിചാരൽ വേണ്ട; പരിഹാരം വേണം
42 മണിക്കൂർ; ലിഫ്റ്റിൽ ആരുമറിയാതെ പെട്ടുപോയ രവിയെ ഭാഗ്യം തുണച്ചു
തിരുവനന്തപുരം ∙ ഇടുപ്പെല്ല് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കുടുങ്ങിക്കിടന്നത് 42 മണിക്കൂർ! സിപിഐ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എംഎൽഎ ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരനുമായ ഉള്ളൂർ ഗാർഡൻസിൽ ബി.രവീന്ദ്രൻ നായർ (തിരുമല രവി–59) ആണ് 2 രാത്രിയും ഒരു പകലും മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഇവിടെ കുടുങ്ങിയ അദ്ദേഹത്തെ അവശനിലയിൽ വീണു കിടക്കുന്ന അവസ്ഥയിലാണ് ഇന്നലെ രാവിലെ 6ന് ഡ്യൂട്ടിക്കെത്തിയ ലിഫ്റ്റ് ജീവനക്കാർ കണ്ടെത്തിയത്. 2 നിലകൾക്കിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്.
ആശുപത്രിയിൽ കഴിയുന്ന രവിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ലിഫ്റ്റിന്റെ ചുമതലയുള്ള സർജന്റ് പി.എൻ.രജീഷ്, ലിഫ്റ്റ് ഓപ്പറേറ്റർ ആദർശ്, ആശുപത്രി വികസനസമിതി ജീവനക്കാരൻ മുരുകൻ എന്നിവരെ സസ്പെൻഡ് ചെയ്തു. 4 നില ബ്ലോക്കിനു പിൻഭാഗത്തെ ലിഫ്റ്റിലായിരുന്നു സംഭവം. മെഡിക്കൽ കോളജ് ഫാർമസിയിൽ കരാർ ജീവനക്കാരിയായ ഭാര്യ സി.പി.ശ്രീലേഖ, ഭർത്താവിന് ഒപി ടിക്കറ്റ് എടുത്തു നൽകിയ ശേഷമാണ് ജോലിക്കു കയറിയത്. രവീന്ദ്രൻ നൈറ്റ് ഡ്യൂട്ടിക്കു പോയെന്നാണ് വീട്ടുകാർ കരുതിയത്. അടുത്ത ദിവസം എത്താതാവുകയും ഫോണിൽകിട്ടാതെ വരികയും ചെയ്തതോടെ ഞായറാഴ്ച അർധരാത്രിയോടെ പൊലീസിൽ പരാതി നൽകിയിരുന്നു.
46 മണിക്കൂർ; നാടൊന്നാകെ തിരഞ്ഞിട്ടും ജോയിയെ ജീവനോടെ കിട്ടിയില്ല
തിരുവനന്തപുരം ∙ ഒരു നഗരം മുഴുവൻ തള്ളിയ മാലിന്യപ്പുഴയിലേക്ക് 1,500 രൂപയ്ക്കു വേണ്ടി ജീവൻ പണയം വച്ചിറങ്ങിയ ജോയിയെ സർക്കാരിന്റെ സർവസന്നാഹങ്ങൾക്കും നാടിന്റെ പ്രാർഥനകൾക്കും കൈപിടിച്ചുയർത്താനായില്ല. മനുഷ്യൻ തൊടാൻ അറയ്ക്കുന്ന മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട്ടിൽ, വീണതിന് ഒരു കിലോമീറ്റർ അകലെ 46 മണിക്കൂറിനൊടുവിലാണ് ശുചീകരണത്തൊഴിലാളി ജോയിയുടെ (47) ശരീരം കണ്ടെത്തിയത്. കോർപറേഷൻ ശുചീകരണത്തൊഴിലാളികളാണ് തകരപ്പറമ്പിനടുത്ത് ഇരുമ്പുപാലത്തിനു സമീപം മാലിന്യങ്ങൾക്കൊപ്പം രാവിലെ 9ന് മൃതദേഹം ആദ്യം കണ്ടത്.
മന്ത്രിമാരും മേയറും റെയിൽവേയും പരസ്പരം പഴിചാരിയും കൈകഴുകിയും സ്വയം രക്ഷാപ്രവർത്തനം തുടരുമ്പോഴാണ് തലസ്ഥാന നഗരമധ്യത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന മാലിന്യ തടസ്സം പരിഹരിക്കാത്ത അനാസ്ഥ ഒരാളുടെ ജീവനെടുത്തത്. അമ്മയെ പോറ്റാൻ തുച്ഛമായ പ്രതിഫലത്തിന് ആരെന്തു ജോലിക്കു വിളിച്ചാലും പോകുന്ന ജോയിയുടെ മൃതദേഹം ഇന്നലെ 3ന് മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 2 നാൾ ഉറക്കമില്ലാതെ കാത്തിരുന്ന അമ്മ മെൽഹിക്കു മുന്നിലേക്ക് ചെറിയ നടവഴിയിലൂടെ ജോയിയുടെ ചേതനയറ്റ ശരീരമെത്തിച്ചപ്പോൾ നാടൊന്നാകെ തേങ്ങി. ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ ഉറപ്പ് നൽകി. അമ്മ മെൽഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും.